നെടുമങ്ങാട്: പൂർണഗർഭിണിയായ ആര്യയെ പ്രസവത്തിനായി ആശുപത്രിയിൽ അഡ്മിറ്റാക്കുമ്പോഴും കുഞ്ഞിനേയും കൊണ്ടവൾ തിരിച്ചെത്തുന്ന ദിവസത്തെ കുറിച്ചോർത്ത് സന്തോഷത്തിലായിരുന്നു കുടുംബം ഒന്നാകെ. എന്നാൽ 24കാരിയായ ആര്യയെ വെള്ളപുതച്ച് വീട്ടിലെത്തിച്ചതിന്റെ ഞെട്ടലിലാണ് ഭർത്താവ് അരുണും കുടുംബാംഗങ്ങളും.
പ്രസവത്തെ തുടർന്ന് വെള്ളനാട് ചാങ്ങ തെക്കുംകര പുത്തൻവീട്ടിൽ അരുണിന്റെ ഭാര്യ ആര്യ (24)യാണ് മരിച്ചത്. കഴിഞ്ഞ 11-നാണ് പ്രസവചികിത്സയ്ക്കായി ആര്യയെ നെടുമങ്ങാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് 16-ന് ആര്യയെ എസ്എടി ആശുപത്രിയിലേക്ക് മാറ്റി.
എസ്എടിയിൽ വെച്ച് ശസ്ത്രക്രിയയിലൂടെ ഒരു ആൺകുഞ്ഞിന് ആര്യ ജന്മം നൽകിയെങ്കിലും ആരോഗ്യനില വഷളായതിനെ തുടർന്ന് 18-ന് രാവിലെ മെഡിക്കൽ കോളേജിലെ മൾട്ടിസ്പെഷ്യാലിറ്റി വിഭാഗത്തിലേക്ക് മാറ്റി. എങ്കിലും വൈകീട്ടോടെ മരണം സ്ഥിരീകരിച്ചു. നെടുമങ്ങാട് ജില്ലാ ആശുപത്രി അധികൃതരുടെ അനാസ്ഥകാരണമുണ്ടായ ചികിത്സപ്പിഴവാണ് ആര്യയുടെ മരണത്തിന് കാരണമെന്ന് ഭർത്താവ് അരുണും ബന്ധുക്കളും ആരോപിച്ചു.
ചികിത്സയിൽ പിഴവ് സംഭവിച്ചിട്ടില്ലെന്നും ശ്വാസകോശത്തിൽ അണുബാധ ഉണ്ടായതിനെ തുടർന്നാണ് എസ്എടിയിലേക്ക് ആര്യയെ റഫർ ചെയ്തതെന്നുമാണ് ചികിത്സിച്ച ഡോക്ടർമാരുടെ വാദം.
Discussion about this post