മലപ്പുറം: ക്ലബ്ബ് ലോകകപ്പ് ഫൈനല്‍ ചെല്‍സി ആരാധകനായ ജാമിര്‍ വലിയമണ്ണിന് ഒരിക്കലും മറക്കാനാവാത്ത സ്വപ്ന സാക്ഷാത്കാരത്തിന്റെ ദിനമാണ്. അബുദാബിയില്‍ നടന്ന ഫൈനലില്‍ ചെല്‍സിക്കായി ആര്‍പ്പുവിളിക്കാന്‍ മലപ്പുറം സ്വദേശിയായ ഈ യുവാവും സ്റ്റേഡിയത്തിലുണ്ടായിരുന്നു.
ആദ്യമായി നേരിട്ട് കാണുന്ന മത്സരം മാത്രമായിരുന്നില്ല ജാമിറിന്, പ്രിയതാരത്തിനോടുള്ള അഭ്യര്‍ഥന കുറിച്ച ഫ്ളെക്സുമായാണ് ജാമിര്‍ സ്റ്റേഡിയത്തിന് അകത്ത് കയറിയത്. ‘തിയാഗോ സില്‍വ; താങ്കളുടെ ജഴ്സി എനിക്കു നല്‍കൂ’ എന്ന് ഇംഗ്ലീഷില്‍ എഴുതിയ ഫ്ളെക്സായിരുന്നു അത്.
മത്സരത്തിന്റെ ആദ്യ പകുതി പിന്നിട്ടപ്പോള്‍ ഫ്ളെക്സ് തിയാഗോയുടെ ഭാര്യ ബെല്ലേ സില്‍വയുടെ ശ്രദ്ധയില്‍പ്പെട്ടു. മത്സരശേഷം ടീമംഗങ്ങള്‍ കുടുംബത്തോടൊപ്പം ചെലവഴിക്കുമ്പോള്‍ ബെല്ലേ, ജാമിറിന്റെ ഫ്ളെക്സ് ചൂണ്ടി തിയാഗോയോട് കാര്യം പറഞ്ഞു. അടുത്തേക്ക് വന്ന തിയാഗോ താന്‍ ഒപ്പിട്ട ജഴ്സി ജാമിറിന് നേരേ ഗാലറിയിലേക്ക് എറിഞ്ഞുകൊടുത്തു. ശേഷം ജാമിറിനും ആരാധകര്‍ക്കും നേരെ വിജയചിഹ്നം ഉയര്‍ത്തിയാണ് താരം മടങ്ങിയത്.
ജഴ്സി ലഭിച്ചത് മാത്രമല്ല, ആദ്യമായി നേരില്‍ക്കണ്ട മത്സരത്തില്‍ തന്റെ പ്രിയ ടീം കപ്പുയര്ത്തിയതിലും വളരെ സന്തോഷമുണ്ടെന്ന് ജാമിര്‍ പറഞ്ഞു. ചെല്‍സി ആരാധകരായ ദുബായ് മലയാളികളുടെ കൂട്ടായ്മയായ ‘ദുബായ് ബ്ലൂസി’ന്റെ സെക്രട്ടറി കൂടിയാണ് ജാമിര്‍. കൂട്ടായ്മയിലെ അംഗങ്ങളും ഗാലറിയിലുണ്ടായിരുന്നു. ഫിഫ ലോകകപ്പ് ഖത്തര്‍ കമ്മിറ്റിയുടെ ഫാന്‍ ലീഡര്‍ പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആളുമാണ് ജാമിര്‍.
Discussion about this post