തിരൂർ: മുസ്ലിം കാരണവരുടെ മരണത്തെ തുടർന്ന് ആഘോഷങ്ങൾ റദ്ദാക്കി ക്ഷേത്രത്തിന്റെ ദുഃഖാചരണം മതസൗഹാർദ്ദത്തിന്റെ മാതൃകയാകുന്നു. മലപ്പുറം ജില്ലയിലെ തിരൂരിലാണ് പ്രദേശത്തെ ഒരു മുസ്ലിം കാരണവർ മരിച്ചതിനെത്തുടർന്ന് ക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങൾ ക്ഷേത്രഭാരവാഹികൾ റദ്ദാക്കിയത്.
തിരൂർ തൃപ്രങ്ങോട് ബീരാഞ്ചിറ പുന്നശ്ശേരി ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവത്തിന്റെ ഭാഗമായുള്ള ആഘോഷങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്. ക്ഷേത്രത്തിന് സമീപം ചെറാട്ടിൽ ഹൈദർ എന്ന വ്യക്തി കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. മരണവിവരം എത്തിയതോടെ ആഘോഷങ്ങൾ നിർത്തിവെക്കാൻ ക്ഷേത്രം കമ്മിറ്റി ഭാരവാഹികൾ തീരുമാനിക്കുകയായിരുന്നു. ഉത്സവം ചടങ്ങുകൾ മാത്രമായി നടത്താനാണ് തീരുമാനിച്ചത്.
നാട്ടിലെ കാരണവരും ഏവർക്കും പ്രിയപ്പെട്ടവനുമായിരുന്നു ഹൈദർ എന്നും ഇദ്ദേഹം മരിച്ചതിന്റെ ദുഃഖത്തിൽ പങ്കുചേരാനാണ് ആഘോഷം ഒഴിവാക്കിയതെന്നും കമ്മിറ്റി ഭാരവാഹികളായ ടിപി വേലായുധൻ, എംവി വാസു, ടിപി അനിൽകുമാർ, കെപി സുരേഷ്, ബാബു പുന്നശേരി എന്നിവർ പറഞ്ഞു.
ഉത്സവാഘോഷത്തിന്റെ ഭാഗമായി ബാൻഡ്മേളം, ശിങ്കാരിമേളം, മറ്റ് കലാരൂപങ്ങൾ എന്നിവയെല്ലാം ഒരുക്കിയിരുന്നു. എന്നാൽ ഇതെല്ലാം വേണ്ടെന്ന് വെച്ചു. ക്ഷേത്ര കമ്മിറ്റിക്കാരുടെ തീരുമാനത്തെ ഹൈദറിന്റെ ഹൈദറിന്റെ കബറടക്കത്തിനു മുൻപ് നടന്ന നമസ്‌കാരത്തിൽ വെച്ച് മഹല്ല് ഭാരവാഹികൾ അഭിനന്ദിക്കുകയും ചെയ്തു.
Discussion about this post