തിരുവനന്തപുരം: പ്രായ പൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ ആര്‍എസ്എസ് പ്രവര്ത്തകന് സ്വീകരണം സംഘടിപ്പിച്ച്
ബിജെപി. ബിജെപി വാര്‍ഡ് മെമ്പറുടെ സാന്നിധ്യത്തിലാണ് സ്വീകരണം നടന്നതെന്ന്
ദേശാഭിമാനിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
പോക്സോ കേസില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്ന കല്ലിയൂര്‍ വെള്ളായണി സ്വദേശി ഷിജിനാണ് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരുടെയും വാര്‍ഡ് മെമ്പറുടെയും നേതൃത്വത്തില്‍ സ്വീകരണം നല്‍കിയത്.
ജനുവരി 10ന് വിഴിഞ്ഞം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ ഒന്നാം പ്രതിയാണ് ഷിജിന്. വവ്വാമൂല സ്വദേശിനിയായ പെണ്‍കുട്ടിയെ പ്രണയം നടിച്ച് കോഴിക്കോട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കൊണ്ടുപോയി ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു.
കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിന്മേലാണ് പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തത്. ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ വീടാക്രമിച്ചതടക്കം നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയുമാണ് ഷിജിന്.
ജാമ്യത്തിലിറങ്ങിയ ഷിജിന് തെന്നൂര്‍ പ്രതിഭ ഗ്രന്ഥശാലയ്ക്ക് മുന്നില്‍ കേക്ക് മുറിച്ചാണ് സ്വീകരണം നല്‍കിയത്. ആഘോഷത്തിന്റെ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളിലടക്കം ബിജെപി പ്രവര്‍ത്തകര്‍ പങ്കുവച്ചിട്ടുണ്ട്.
ബിജെപി വാര്‍ഡ് മെമ്പറായ ആതിര, യുവമോര്‍ച്ച കോവളം മണ്ഡലം സെക്രട്ടറി കെഎസ് വിഷ്ണു, കല്ലിയൂര്‍ വെസ്റ്റ് മേഖലാ പ്രസിഡന്റ് ജെവി പ്രശാന്ത്, ആര്‍എസ്എസ് മുഖ്യശിക്ഷക് അഭിലാഷ് എന്നിവരാണ് ആഘോഷത്തിന് നേതൃത്വം നല്‍കിയത്.
കേസില്‍ ഒളിവിലെന്ന് പോലീസ് പറയുന്ന രണ്ടാം പ്രതിയും ആഘോഷത്തില്‍ പങ്കെടുത്തിരുന്നു. കുറ്റവാളികളെ പ്രോത്സാഹിപ്പിക്കുന്ന ബി.ജെ.പി നേതൃത്വം ജനങ്ങളോട് മാപ്പ് പറയണമെന്നും ഇത്തരക്കാരെ സമൂഹം അകറ്റി നിര്‍ത്തണമെന്നും സി.പി.ഐ.എം കല്ലിയൂര്‍, വെള്ളായണി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാരായ എസ്.ആര്. ശ്രീരാജും എസ്. ജയചന്ദ്രനും പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
Discussion about this post