മുംബൈ: ജന്‍ധന്‍ അക്കൗണ്ടിലേക്ക് അപ്രതീക്ഷിതമായെത്തിയ 15 ലക്ഷം രൂപ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സമ്മാനമാണെന്ന് ധരിച്ച കര്ഷകന് കിട്ടിയത് എട്ടിന്റെ പണി.
മഹാരാഷ്ട്രയിലെ ഔറംഗബാദ് ജില്ലയിലുള്ള പൈതാന്‍ താലൂക്ക് സ്വദേശിയാണ്
കര്‍ഷകനായ ജ്ഞാനേശ്വര്‍ ഒതേ. 2021 ഓഗസ്റ്റിലാണ് അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ എത്തിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റുകയാണെന്നാണ് അദ്ദേഹം കരുതിയത്. നന്ദി അറിയിച്ചുകൊണ്ട് പ്രധാനമന്ത്രിക്ക് ഒരു കത്തയക്കുകയും ചെയ്തു.
ശേഷം ബാങ്ക് ഓഫ് ബറോഡയിലെ തന്റെ അക്കൗണ്ടില്‍ വന്ന 15 ലക്ഷം രൂപയില്‍ നിന്ന് ഒമ്പത് ലക്ഷം രൂപ വീട് പണിയുന്നതിനായി പിന്‍വലിച്ചു. ആറ് മാസത്തിന് ശേഷം ബാങ്കില്‍ നിന്ന് ഒരു നോട്ടീസ് വന്നതോടെ ജ്ഞാനേശ്വര്‍ ഒതേയുടെ സ്വപ്നങ്ങളെല്ലാം തകര്‍ന്നു.
അബദ്ധത്തിലാണ് താങ്കളുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കപ്പെട്ടതെന്നും പിന്‍വലിച്ച തുക മുഴുവനായും തിരിച്ചടക്കണമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ബാങ്ക് നോട്ടീസ്. വികസന ആവശ്യങ്ങള്‍ക്കായി പിംപല്‍വാടി ഗ്രാമപഞ്ചായത്തിലേക്ക് അനുവദിച്ച തുകയാണ് അക്കൗണ്ട് മാറി ജ്ഞാനേശ്വര്‍ ഒതേയുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കപ്പെട്ടതാണ്, മോഡയുടെ സമ്മാനമെന്ന് ജ്ഞാനേശ്വര്‍ വിചാരിച്ചത്.
‘പ്രധാനമന്ത്രി മോഡി തന്റെ അക്കൗണ്ടിലേക്ക് അയച്ച പണമാണെന്നാണ് കരുതിയത്. അക്കൗണ്ടില്‍ ബാക്കിയുള്ള ആറ് ലക്ഷം രൂപ ബാങ്കിന് തന്നെ തിരികെ നല്കി. എന്നാല്‍ വീടു പണിക്കായി ചെലവഴിച്ച ഒമ്പത് ലക്ഷം രൂപ തിരിച്ചടയ്ക്കാനായിട്ടില്ല’ ജ്ഞാനേശ്വര്‍ ഒതേ പറഞ്ഞു.
Discussion about this post