തിരുവനന്തപുരം: പ്രണയദിനത്തിൽ പ്രണയം സഫലമാകുന്നതിന്റെ സന്തോഷത്തിലാണ് മനുവും ശ്യാമയും. 14-ന് രാവിലെ 9.45-നും 10.15-നും മധ്യേയുള്ള ശുഭമുഹൂർത്തത്തിലാണ് ട്രാൻസ്ജെൻഡർ വ്യക്തിത്വങ്ങളായ മനു കാർത്തികയും ശ്യാമയും വിവാഹിതരാകുന്നത്. രണ്ടു വീട്ടുകാരുടെയും പൂർണ്ണ സമ്മതത്തോടെ പ്രിയപ്പെട്ടവരുടെയെല്ലാം സാന്നിധ്യത്തിൽ ഇടപ്പഴിഞ്ഞി അളകാപുരി ഓഡിറ്റോറിയത്തിൽ ഹിന്ദു ആചാരപ്രകാരമാണ് വിവാഹം നടത്തുക. വാലന്റൈൻസ് ഡേ ദിനത്തിൽ വിവാഹം മനഃപൂർവ്വം വെച്ചതല്ലെന്നും ജ്യോത്സൻ നിശ്ചയിച്ച് നൽകിയ തീയതിയും സമയവുമാണെന്നും ഇവർ പറയുന്നു.
ടെക്നോപാർക്കിൽ സീനിയർ എച്ച്.ആർ. എക്സിക്യുട്ടീവാണ് തൃശ്ശൂർ സ്വദേശി മനു കാർത്തിക. സാമൂഹികസുരക്ഷാ വകുപ്പിൽ ട്രാൻസ്ജെൻഡർ സെല്ലിലെ സ്റ്റേറ്റ് പ്രോജക്ട് കോ-ഓർഡിനേറ്ററും ആക്ടിവിസ്റ്റുമാണ് ശ്യാമ എസ് പ്രഭ. ഇവർ തിരുവനന്തപുരം സ്വദേശിയാണ്യ പത്തുവർഷത്തിലധികമായി ഇരുവർക്കും തമ്മിലറിയാം. 2017-ൽ മനു തന്റെ ഇഷ്ടം പറഞ്ഞു. അന്ന് ഇരുവരും ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തിട്ടില്ല.
സ്ഥിരജോലി നേടിയ ശേഷം മതി വിവാഹമെന്ന് പിന്നീട് ഇരുവരും തീരുമാനിച്ചു. വീട്ടിലെ മൂത്തമക്കൾ എന്ന നിലയിൽ ചെയ്തുതീർക്കേണ്ട ഉത്തരവാദിത്വങ്ങളുമുണ്ടായിരുന്നു. എല്ലാ തടസ്സങ്ങളും നീങ്ങിയ ശേഷമാണ് വിവാഹം. ട്രാൻസ്ജെൻഡർ വ്യക്തിത്വത്തിൽ തന്നെനിന്നുകൊണ്ട് വിവാഹം രജിസ്റ്റർ ചെയ്യാനാണ് തീരുമാനം. മുൻപും ട്രാൻസ് വ്യക്തികൾ വിവാഹം ചെയ്തിട്ടുണ്ട്.
എന്നാൽ രേഖകളിലെ ആൺ, പെൺ ഐഡന്റിറ്റി ഉപയോഗിച്ചാണ് വിവാഹം രജിസ്റ്റർ ചെയ്തത്. ട്രാൻസ്ജെൻഡർ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചുള്ള വിവാഹത്തിന് നിയമസാധുത ഉണ്ടോയെന്ന കാര്യത്തിൽ വ്യക്തതയില്ല. 2019-ലെ ട്രാൻഡ്ജെൻഡർ ആക്ടിലും വിവാഹത്തെപ്പറ്റി പരാമർശമില്ല.
Discussion about this post