കൽപ്പറ്റ: സമൂഹ മാധ്യമങ്ങളിൽ കൂടി കേരളാ പോലീസിനെ പരസ്യമായി വെല്ലുവിളിച്ച ഗുണ്ടാ നേതാവ് പല്ലൻ ഷൈജു പോലീസിന്റെ പിടിയിൽ. നെല്ലായി പന്തല്ലൂർ മച്ചിങ്ങൽ വീട്ടിൽ ഷൈജു (പല്ലൻ ഷൈജു-43) ആണ് അറസ്റ്റിലായത്. വയനാട്ടിലെ റിസോർട്ടിൽ നിന്ന് ഇന്ന് പുലർച്ചെ ആണ് ഇയാളെ കോട്ടക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം എസ്പിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോട്ടക്കൽ സിഐയുടെ നേതൃത്വത്തിലുള്ള സംഘം റിസോർട്ടിലെത്തി ഇയാളെ പിടികൂടുകയായിരുന്നു.
കൊലപാതകം ഉൾപ്പെടെ സംസ്ഥാനത്തിനകത്തും പുറത്തുമായി ഒട്ടേറെ കുറ്റകൃത്യങ്ങൾ നടത്തിയ കൊടകര പന്തല്ലൂർ മച്ചിങ്ങൽ 43 കാരനായ ഷൈജുവിനെ ഒരാഴ്ച മുൻപാണു തൃശൂർ റൂറൽ പോലീസ് കാപ്പ ചുമത്തി നാടുകടത്തിയത്. വിലക്കു ലംഘിച്ചു ജില്ലയിൽ പ്രവേശിച്ചാൽ വിചാരണ കൂടാതെ 3 വർഷം വരെ തടവുശിക്ഷ ലഭിക്കുന്ന കുറ്റമാണിത്. തൃശൂർ കേന്ദ്രീകരിച്ചുള്ള ഗുണ്ടാ സംഘത്തിന്റെ തലവനായിരുന്ന ഷൈജു കുഴൽപ്പണം തട്ടിപ്പ് സംഘത്തിന്റെ നേതാവ് കൂടിയായിരുന്നു.
ഇതിന് പിന്നാലെയാണ് വെല്ലുവിളിച്ച് പല്ലൻ ഷൈജു രംഗത്തെത്തിയത്. തൃശ്ശൂർ കേന്ദ്രീകരിച്ചുള്ള ക്വട്ടേഷൻ ഗുണ്ടാസംഘ നേതാവായ ഷൈജു പിന്നീട് കുഴൽപ്പണം തട്ടുന്ന സംഘത്തിന്റെ നേതാവായി മാറി. തൃശ്ശൂരിൽനിന്ന് പന്തല്ലൂരിലേക്ക് വർഷങ്ങൾക്കുമുൻപ് താമസംമാറ്റുകയായിരുന്നുവെന്നും പോലീസ് പറയുന്നു. ജില്ലയിൽ തന്നെ നിരവധി വീടുകളിൽ കയറി ആക്രമിച്ചതിന്റെ പേരിലുള്ള കേസുകളിലും, കൊലപാതക ശ്രമ കേസുകളിലും പ്രതിയാണ് പല്ലൻ ഷൈജു.
പല്ലൻ ഷൈജുവിന്റെ വെല്ലുവിളി ഇങ്ങനെ;
ഞാനിപ്പോ കടലിലാ.. നാട്ടിലല്ലേ നിൽക്കാൻ പറ്റാത്തതുള്ളൂ. കൃഷ്ണൻകോട്ട പാലം കഴിഞ്ഞാ പിന്നെ അവന്റെ അപ്പന്റെ വകയൊന്നുവല്ല. ഇതിപ്പോ എറണാകുളം ജില്ലയിലാ… തൃശൂർ ജില്ലയിലെ പോസ്റ്റോഫീസൊക്കെ പല്ലൻ ഷൈജൂന് നന്നായറിയാം. അതുകൊണ്ട് എനിക്ക് ഒന്നുമില്ല. എല്ലാവർക്കും വണക്കം, വന്ദനം. നമുക്ക് വീണ്ടും കാണാം. ചിയേഴ്സ് ബ്രോ.. (മദ്യപിക്കുന്നു) ഇതുകൊണ്ട് മനംതകർന്നു കെട്ടിത്തൂങ്ങി ചാകുവൊന്നും വേണ്ട. നെല്ലായിയിൽ എനിക്കൊരു കൂട്ടുകാരനുണ്ട്. അവനോട് പറയണം, വിഷമിക്കുവൊന്നും വേണ്ട, പല്ലൻ ഷൈജു അങ്ങോട്ടു തന്നെ വരും. പെണ്ണിനെ കാണാൻ ഇനി നാട്ടിലേക്കൊന്നും വരരുതെന്ന് ഇന്നലെ അവൻ എന്നെ ഫോണിൽ വിളിച്ചു പറഞ്ഞു. വേണമെങ്കിൽ ഫ്ലൈറ്റ് ചാർട്ടർ ചെയ്തു ദുബായിയിലേക്കു വരെ ഞാൻ പോകും.
Discussion about this post