കോതമംഗലം: വീണ്ടും കാരുണ്യ ലോട്ടറി സാധാരണക്കാരന് തുണയായി. കുട്ടമ്പുഴ സ്വദേശിയായ ഓട്ടോ ഡ്രൈവർ എടുത്ത അഞ്ചു ലോട്ടറി ടിക്കറ്റുകൾക്കും സമ്മാനം ലഭിക്കുകയായിരുന്നു. ‘കാരുണ്യ’ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷത്തിനൊപ്പം 8,000 രൂപവീതമുള്ള നാല് സമാശ്വാസ സമ്മാനങ്ങളുമാണ് നൂറേക്കർ തെങ്ങുവിള ടിആർ ഹുസൈനെ (42) തേടിയെത്തിയത്.
ഓട്ടോ ഓടിച്ചാണ് കുടുംബം പുലർത്തുന്നത്. പ്രായമായ മാതാപിതാക്കളടക്കമുള്ള ആറംഗ കുടുംബത്തിന്റെ അത്താണിയാണ് ഹുസൈൻ. സമ്മാനം ലഭിച്ചത് ഈ കുടുംബത്തിന് വലിയ ആശ്വാസമാകും.
തനിക്ക് സ്ഥിരമായി ടിക്കറ്റ് എടുക്കുന്ന സ്വഭാവമില്ലെന്ന് ഹുസൈൻ പറയുന്നു. വല്ലപ്പോഴുമാണ് ലോട്ടറി എടുക്കുന്നത്. ശനിയാഴ്ചത്തെ നറുക്കെടുപ്പിൽ പിഡബ്ല്യു 749886 നമ്പർ ഭാഗ്യക്കുറിക്കാണ് ഒന്നാം സമ്മാനം ലഭിച്ചത്.
കഴിഞ്ഞ ഒക്ടോബറിൽ മഴയിൽ ഓടുമേഞ്ഞ വീടിന്റെ മുൻഭാഗം ഇടിഞ്ഞുവീണിരുന്നു. സുഹൃത്തുക്കളുടെ സഹായത്താലാണ് താത്കാലിക പണികൾ തീർത്തത്. കടബാധ്യത തീർത്ത് പുതിയൊരു വീടുവെയ്ക്കുകയാണ് ഹുസൈന്റെ സ്വപ്നം.
കുട്ടമ്പുഴ പ്ലാത്തിക്കാട് രാജനിൽ നിന്ന് വാങ്ങിയ പുന്നേക്കാട് ബികെ ലോട്ടറി ഏജൻസിയുടെ ഭാഗ്യക്കുറികളാണ് സമ്മാനാർഹമായത്. കുട്ടമ്പുഴ ഫെഡറൽ ബാങ്ക് ശാഖയിൽ തിങ്കളാഴ്ച ലോട്ടറി ഏൽപ്പിക്കും.
Discussion about this post