മുംബൈ: ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കര്‍ ഇനി അനശ്വര. ഇതിഹാസ ഗായികയ്ക്ക് മുംബൈ ശിവാജി പാര്‍ക്കില്‍ ഔദ്യോഗിക ബഹുമതികളോടെ വിട നല്കി രാജ്യം. പ്രധാനമന്ത്രി നരേന്ദ്രമോഡി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഉള്‍പ്പെടെയുള്ളര്‍ സംസ്കാരച്ചടങ്ങില്‍ പങ്കെടുത്തു.
അന്ത്യം സംഭവിച്ച മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍നിന്ന് വൈകീട്ട് അഞ്ചോടെയാണ് മൃതദേഹം വിലാപയാത്രയായി ശിവാജി പാര്‍ക്കിലെത്തിച്ചത്. വഴിയോരം നിറയെ ആയിരങ്ങളാണ് പ്രിയ ഗായികയ്ക്ക് അന്ത്യയാത്ര നല്‍കാനെത്തിയിരുന്നത്.
ശിവാജി പാര്‍ക്കിലും ആരാധകരും സംഗീതപ്രേമികളും തടിച്ചുകൂടി. സഹോദരിയും ഗായികയുമായ ആശാ ഭോസ്ലെ, ഷാറൂഖ് ഖാന്, സച്ചിന് ടെണ്ടുല്‍ക്കര്‍, ശരദ് പവാര്‍, ആദിത്യ താക്കറെ, ദേവേന്ദ്ര ഫഡ്നാവിസ് തുടങ്ങി വിവിധ തുറകളിലുള്ള പ്രമുഖരും സംസ്കാരചടങ്ങിനു സാക്ഷിയാകാനെത്തി. നേരത്തെ ലതാ മങ്കേഷ്കറുടെ വസതിയിലും അമിതാഭ് ബച്ചന്, അനുപം ഖേര്‍, ജാവേദ് അക്തര്‍, സഞ്ജയ് ലീല ബന്‍സാലി അടക്കം പ്രമുഖര്‍ അന്തിമോപചാരമര്‍പ്പിച്ചു.
സന്തോഷത്തിലും സന്താപത്തിലും പ്രണയത്തിലും വിരഹത്തിലുമെല്ലാം മാസ്മരസ്വരംകൊണ്ട് പരലക്ഷങ്ങള്‍ക്ക് ആശ്വാസക്കുളിര് പകര്‍ന്ന ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കര്‍ ഇനി നിലക്കാത്ത ശബ്ദമധുരമായി ഓര്‍മകളില്‍ നിറയും.
ഇന്നു രാവിലെയായിരുന്നു സ്വകാര്യ ആശുപത്രിയില്‍ ലതാ മങ്കേഷ്ക്കറുടെ അന്ത്യം. 92 വയസായിരുന്നു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ലതയെ ന്യൂമോണിയയെത്തുടര്‍ന്ന് നില ഗുരുതരമായാണ് ഇന്നലെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചത്.
ജനുവരി ആദ്യവാരമാണ് ലതാ മങ്കേഷ്കറെ കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനിലയില്‍ മാറ്റം വന്നതോടെ ദിവസങ്ങള്‍ക്ക് മുമ്പാണ് ഐസിയുവില്‍നിന്ന് മാറ്റിയത്. എന്നാല്‍, ഇന്നലെ വീണ്ടും ആരോഗ്യനില വഷളാകുകയായിരുന്നു.
1929ല്‍ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ സംഗീത പാരമ്പര്യമുള്ള കുടുംബത്തിലാണ് ലതാ മങ്കേഷ്കറിന്റെ ജനനം. അഭിനയത്തിലൂടെയാണ് ചലച്ചിത്ര പ്രവേശനം. 1942ല്‍ 13-ാമത്തെ വയസില്‍ കിടി ഹസാല്‍ എന്ന മറാത്തി ചിത്രത്തിലൂടെ പാടിത്തുടങ്ങി. തൊട്ടടുത്ത വര്‍ഷം ഇറങ്ങിയ ഗജാബാഹൂവിലെ മാതാ ഏക് സപൂത് കി ആണ് ആദ്യമിറങ്ങിയ ഗാനം. എന്നാല്‍ ലതാജിയിലെ ഗായികയെ അടയാളപ്പെടുത്തിയത് മജ്ബൂറിലെ ദില്‍ മേരാ ദോഡായാണ്. മഹലില്‍ മധുബാലക്ക് വേണ്ടി പാടിയ ആയേഗാ ആനേവാലയാണ് ഹിറ്റ് ചാര്‍ട്ടില്‍ ആദ്യത്തേത്.
നേര്‍ത്ത ശബ്ദമെന്ന് പറഞ്ഞ് തിരസ്കരിച്ചവരുടെ മുന്നില്‍ പ്രശസ്തിയുടെ പടവുകള്‍ ഒന്നൊന്നായി പാടിക്കയറുകയായിരുന്നു ലതാജി. നൗഷാദ്, രാമചന്ദ്ര, എസ്ഡി ബര്മ്മന്, മദന്‍ മോഹന്‍, ശങ്കര്‍ ജയ്കിഷന്, ബോംബെ രവി, സലില്‍ ചൗധരി, ആര്‍ഡി ബര്മ്മന് തുടങ്ങിയ സംഗീതശില്‍പ്പികളുടെ ഈണങ്ങള്‍ ലതയുടെ ശബ്ദത്തില്‍ അലിഞ്ഞുചേര്‍ന്നു. ആത്മാവിനെ ലയിപ്പിച്ച് ഏ മേരേ വതന്‍ കെ ലോഗോ, ലതാ പാടിയപ്പോള്‍ നെഹ്റു വരെ കണ്ണീരണിഞ്ഞു.
ആ ശബ്ദം ഭാഷയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ചൊഴുകി. നെല്ലിലൂടെ മലയാളത്തിലുമെത്തി. മുഹമ്മദ് റാഫിക്കൊപ്പം പാടിയപ്പോള്‍ സംഗീതാസ്വാദകര്‍ക്ക് ലഭിച്ചത് ഭാവസാന്ദ്രമായ ഒരുപിടി ഹിറ്റുകള്‍. 36 ഭാഷകളിലായി 50,000ത്തിലധികം പാട്ടുകള്‍ പാടി ഗിന്നസില്‍ ഇടംപിടിച്ചു.
സംഗീതയാത്രയില്‍ പല പുരസ്കാരങ്ങളും സ്വന്തമാക്കി. പദ്മഭൂഷണ്‍, പത്മവിഭൂഷണ്‍, ഭാരതരത്നം തുടങ്ങിയ ദേശീയ ബഹുമതികളും ദാദാ സാഹബ് ഫാല്‍ക്കെ പുരസ്കാരവും തേടിയെത്തി. ഫ്രാന്‍സിന്റെ പരമോന്നത സിവിലിയന്‍ പുരസ്കാരവും നേടി. 1999ല്‍ രാജ്യസഭാംഗവുമായി.
Discussion about this post