കോട്ടയം: മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതായി റിപ്പോര്‍ട്ട്.
വാവ സുരേഷ് ചോദ്യങ്ങളോട് പ്രതികരിച്ചു. ഹൃദയമിടിപ്പും രക്തസമ്മര്‍ദവും സാധാരണ നിലയിലായതിന് പുറമെ മരുന്നുകളോടും പ്രതികരിച്ചു തുടങ്ങി. കൈകാലുകള്‍ ചലനം വീണ്ടെടുത്തത് ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്. അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
വാവ സുരേഷ് തന്നെ തിരിച്ചറിഞ്ഞുവെന്ന് ആശുപത്രി സന്ദര്‍ശിച്ച ശേഷം മന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞു. ആശുപത്രിയില്‍ വെച്ച് സന്ദര്‍ശനത്തിനിടെ താന്‍ വിളിച്ചപ്പോള്‍ സുരേഷ് തല ആട്ടിയതായി മന്ത്രി വ്യക്തമാക്കി.
ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെങ്കിലും വാവ സുരേഷ് അപകടനില തരണം ചെയ്തിട്ടില്ല. തലച്ചോറിലേക്കുള്ള രക്തയോട്ടം സാധാരണനിലയില്‍ എത്തേണ്ടതുണ്ട്. കണ്ണുകള്‍ തുറന്നിട്ടില്ലെങ്കിലും ചോദ്യങ്ങളോട് തലയാട്ടി പ്രതികരിച്ചു തുടങ്ങി. വെള്ളം വേണോ, ദാഹിക്കുന്നുണ്ടോ എന്ന് ഡോക്ടര്‍ ചോദിക്കുമ്പോള്‍ വാവ സുരേഷ് തലയാട്ടി പ്രതികരിക്കുന്നുണ്ട്. മൂക്കില്‍ ട്യൂബ് ഉണ്ട്. അതുവഴി തരാമെന്ന് ഡോക്ടര്‍ പറഞ്ഞു. വെന്റിലേറ്ററില്‍ ആയതുകൊണ്ടാണ് സംസാരിക്കാന്‍ കഴിയാത്തതെന്നും ഡോക്ടര്‍ വാവ സുരേഷിനോട് പറഞ്ഞു. കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ടി.കെ.ജയകുമാറിന്റെ നേതൃത്വത്തില്‍ 6 വിദഗ്ധ ഡോക്ടര്‍മാരാണ് വാവ സുരേഷിനെ ചികിത്സിക്കുന്നത്.
ചങ്ങനാശ്ശേരിക്കടുത്ത് കുറിച്ചിയില്‍ നിന്ന് മൂര്‍ഖന്‍ പാമ്പിനെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ തിങ്കളാഴ്ച 4.30-ഓടെയാണ് വാവ സുരേഷിന് കടിയേറ്റത്. ഏഴടി നീളമുള്ള മൂര്‍ഖനെ പിടിച്ച് ചാക്കിലേക്ക് മാറ്റുന്നതിനിടെ പൊടുന്നനെ വളഞ്ഞുവന്ന് സുരേഷിന്റെ വലതുതുടയില്‍ കടിക്കുകയായിരുന്നു.
കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോട്ടയം മെഡിക്കല്‍ കോളേജല്‍ വാവ സുരേഷിനെ എത്തിക്കുമ്പോള്‍ നില അതീവ ഗുരുതരമായിരുന്നു. സിപിആര്‍ നല്‍കിയ ശേഷമാണ് അദ്ദേഹത്തിന്റെ നില മെച്ചപ്പെട്ടത്. അപ്പോഴും സുരേഷ് അബോധാവസ്ഥയിലായിരുന്നു. ഇതില്‍ നിന്നും മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചു.
Discussion about this post