ബംഗളൂരു: വാഹന പ്രേമികൾ ഒരുപാട് ഉണ്ട്. വാഹനങ്ങളിലെ പഴമ ഇഷ്ടപ്പെടുന്നവരും കുറവല്ല. പഴമ നിറഞ്ഞ വാഹനം ലഭിക്കുന്നതിനായി പലരും പല വഴികളും തേടാറുണ്ട്. ആദ്യമായി വാങ്ങുന്ന ഒരു വാഹനം കൊടുക്കാനും മടികാണിച്ച് കാത്തുസൂക്ഷിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. എന്നാൽ കൈവിട്ടുപോയ 1971മോഡൽ ബുള്ളറ്റ് തിരിച്ചു പിടിക്കാൻ ബംഗളൂരു സ്വദേശിയായ സോഫ്റ്റ് വെയർ എഞ്ചിനീയർ അരുൺ ശ്രീനിവാസൻ വിവിധ വഴികളിലൂടെ സഞ്ചരിച്ചത് ഏകദേശം 15 വർഷത്തോളമാണ്.
25 വർഷം മുമ്പ് കളവ് പോയ തന്റെ പിതാവിന്റെ 1971 മോഡൽ ബുള്ളറ്റ് വർഷങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ കണ്ടെത്തിയ സന്തോഷത്തിലാണ് അരുൺ. അരുണിന്റെ പിതാവ് എൻ ശ്രീനിവാസൻ 1971ൽ മണിപാലിലെ ഒരു സ്വകാര്യ ബാങ്കിൽ ഓഫീസറായി ജോലി ചെയ്യുമ്പോഴാണ് ബുള്ളറ്റ് വാങ്ങിയത്. എന്നാൽ, പിൽക്കാലത്ത് അവിടെനിന്നും സ്ഥലം മാറിയപ്പോൾ തന്റെ ഒരു സുഹൃത്തിന് പൊന്ന് പോലെ നോക്കിയിരുന്ന ബൈക്ക് വിൽക്കേണ്ടി വന്നു. കുറച്ചു വർഷങ്ങൾക്ക് ശേഷം ആ ബൈക്ക് തിരിച്ചുവാങ്ങാമെന്ന് കരുതി സുഹൃത്തിനെ സമീപിച്ചപ്പോഴാണ് 1996ൽ ബൈക്ക് കളവ് പോയതായി അറിഞ്ഞത്.
തുടർന്ന് 2006ൽ അന്വേഷണം ആരംഭിച്ചു. 23ാം വയസിലാണ് അരുൺ പിതാവിന്റെ ബൈക്ക് അന്വേഷിച്ച് ഇറങ്ങിത്തിരിച്ചത്. ലോക്കൽ മാർക്കറ്റിലും വർക്ക്ഷോപ്പുകളിലും സെക്കൻഡ് ഹാൻഡ് മാർക്കറ്റുകളിലും ബൈക്ക് അന്വേഷിച്ച് അലഞ്ഞു. പക്ഷേ നിരാശയായിരുന്നു ഫലം. എങ്കിലും തളർന്നില്ല. അന്വേഷണം തുടർന്നുകൊണ്ടേയിരുന്നു. അന്വേഷണത്തിന്റെ എല്ലാ വഴികളും അടഞ്ഞതോടെയാണ് 2021ൽ കർണാടകയുടെ സംസ്ഥാന വാഹന വകുപ്പ് തങ്ങളുടെ സേവനങ്ങൾ പൂർണമായും ഡിജിറ്റലൈസ് ചെയതത് അരുണിന്റെ ശ്രദ്ധയിൽപ്പെട്ടത്.
ഇത് അരുണിന് വീണു കിട്ടിയ അവസരം കൂടിയായിരുന്നു. കേന്ദ്രസർക്കാരിന്റെ പരിവാഹൻ വാഹന ആപ്പിൽ കയറി പഴയ ബൈക്കിന്റെ നമ്പർ അടിച്ചു നോക്കിയ അരുണിന് അതേ നമ്പറിലുള്ള ഒരു ബുള്ളറ്റിന്റെ പുതുക്കിയ ഇൻഷുറൻസ് പേപ്പറിന്റെ രേഖകൾ കണ്ടെത്തി. എം വൈ എച്ച് 1731 എന്നതായിരുന്നു ബൈക്കിന്റെ നമ്പർ. രേഖകളിലെ വിവരങ്ങൾ വച്ച് ഉടമയെ അന്വേഷിച്ച് ഇറങ്ങിയ അരുണിനെ മൈസൂറിലുള്ള ടി നരസിപുര എന്ന കർഷകന്റെ അടുത്തെത്തിച്ചു. ആ ബൈക്ക് അദ്ദേഹത്തിന്റെ കൈകളിൽ ഭദ്രമായിരുന്നു. വർഷങ്ങൾക്ക് മുമ്പ് ഒരു സെക്കൻഡ് ഹാൻഡ് ബൈക്ക് ഷോറൂമിൽ നിന്നും നരസിപുര വാങ്ങിച്ച വാഹനമായിരുന്നു അത്.
വേറൊരു പൊടിയും വേണ്ട, ശബരി സാമ്പാർ-രസം കറിക്കൂട്ടുകൾ മാത്രം മതി വിഭവസമൃദ്ധമായ സദ്യ റെഡി!
കളവ് പോയതും വിവിധ കേസുകളിൽ ഉൾപ്പെട്ടതുമായ വാഹനങ്ങൾ ലേലം ചെയ്ത കർണാടക പോലീസിന്റെ പക്കൽ നിന്നുമായിരുന്നു അവർ ഈ ബൈക്ക് വാങ്ങിച്ചത്. ഇത് തന്റെ പിതാവിന്റെ ബൈക്ക് തന്നെയാണെന്ന് മനസിലാക്കിയ അരുൺ ചോദിക്കുന്ന വില കൊടുത്ത് വാഹനം സ്വന്തമാക്കാൻ ശ്രമിച്ചു. എന്നാൽ ആദ്യം തയ്യാറാകാതെയിരുന്ന നരസിപുര പിന്നീട് സമ്മതം അറിയിച്ചു. ഇതോടെ തങ്ങളുടെ പ്രിയപ്പെട്ട വണ്ടി തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തിലാണ് ശ്രീനിവാസനും മകൾ അരുണും.
Discussion about this post