കൊല്ലം: ആത്മഹത്യാ കുറിപ്പ് എഴുതി വച്ച ശേഷമാണ് കൊല്ലത്തെ വിസ്മയ ആത്മഹത്യ ചെയ്തതെന്ന് കേസിലെ പ്രധാന പ്രതിയും വിസ്മയയുടെ ഭര്‍ത്താവുമായ കിരണിന്റെ പിതാവ് സദാശിവന് പിള്ള. സദാശിവന് പിള്ള കൂറു മാറിയതായി കോടതി വ്യക്തമാക്കി.
ആത്മഹത്യാ കുറിപ്പ് എഴുതി വച്ച ശേഷമാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്ന് സദാശിവന് പിള്ള മൊഴി നല്കി. കുറിപ്പ് താന്‍ പോലീസിന് കൈമാറിയെന്നും കോടതിയില്‍ പിള്ള മൊഴി നല്കി.
നേരത്തെ വിസ്മയയുടെ മരണസമയത്ത് പോലീസിന് നല്കിയ മൊഴിയിലോ മാധ്യമങ്ങളോടോ ആത്മഹത്യാക്കുറിപ്പിനെ കുറിച്ച് പിള്ള പറഞ്ഞിരുന്നില്ല. ഇതോടൊപ്പം, ശബ്ദം കേട്ടെത്തിയപ്പോള്‍ നിലത്ത് കിടത്തിയ നിലയിലാണ് വിസ്മയയെ കണ്ടതെന്നും വിശദീകരിച്ചിരുന്നു. എന്നാലിപ്പോള്‍ ആത്മഹത്യാകുറിപ്പ് പോലീസിന് കൈമാറിയെന്നാണ് മൊഴി നല്‍കിയത്. ഈ സാഹചര്യത്തില്‍, പിള്ള കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെട്ടു. ഇത് കോടതി അംഗീകരിച്ചു.
2020 ജൂണ്‍ 21നാണ് ഭര്‍തൃഗൃഹത്തിലെ ശുചിമുറിയില്‍ വിസ്മയയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള ആത്മഹത്യയെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. സ്ത്രീധന പീഡനം കൊണ്ടുള്ള മരണം, സ്ത്രീധന പീഡനം, ആത്മഹത്യ പ്രേരണ, പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് കിരണ്‍കുമാറിനെതിരെ ചുമത്തിയിട്ടുള്ളത്.
സ്ത്രീധനമായി ലഭിച്ച കാര്‍ മാറ്റി കിട്ടണമെന്ന് ആവശ്യപ്പെട്ട് കുണ്ടറ ചിറ്റുമലയിലും വിസ്മയയുടെ നിലമേലെ വീട്ടിലും വച്ച് കിരണ്‍ വിസ്മയയെ പീഡിപ്പിച്ചുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
102 സാക്ഷികളും, 92 റെക്കോഡുകളും 56 തൊണ്ടിമുതലുകളും ഉള്‍പ്പെടുന്നതാണ് പോലീസ് കുറ്റപത്രം. 507 പേജുള്ള കുറ്റപത്രത്തില്‍ ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ 2419 പേജുകളാണ് ഉള്ളത്.
Discussion about this post