ചേര്‍ത്തല: പശുക്കളെ സ്വന്തം മക്കളെ പോലെ ഊട്ടിയും അവരുടെ കൂടെ തന്നെ ഉറങ്ങിയും ഉഷാദേവി. ചേര്‍ത്തല തെക്ക് പഞ്ചായത്ത് 5ാം വാര്‍ഡിലാണ് 71കാരി ഉഷാ ദേവിയുടെ താമസം. പശുക്കള്‍ക്ക് ചോറും ബിസ്‌ക്കറ്റും ചായയും പാലും നല്‍കി ടിവിയും കാണിച്ച് പാട്ട് പാടി ഒന്നിച്ച് ഉറങ്ങിയാണ് ഉഷാ ദേവിയുടെ താമസം.
പാരമ്പര്യമായി പശുവളര്‍ത്തുന്ന വീട്ടില്‍ നിന്നാണ് ഉഷാദേവി ഭര്‍ത്താവിന്റെ വീട്ടിലെത്തിയത്. അവിടെയും പശുക്കളെ കണ്ടപ്പോള്‍ മൃഗപരിപാലനത്തില്‍ ശീലമുള്ള ഉഷാദേവിയ്ക്ക് നിസാരമായി തോന്നി.
സ്വകാര്യ ബസ് സര്‍വ്വീസ് നടത്തിയിരുന്ന സദാശിവന്‍ ആയിരുന്നു ഉഷാദേവിയുടെ ഭര്‍ത്താവ്. മിശ്രവിവാഹമായിരുന്നു ഇവരുടേത്. സദാശിവന്‍ 2005 നവംബര്‍ 13ന് മരിച്ചു. ഇതോടെ ജീവിതം വഴിമുട്ടി. പിന്നീട് ഒറ്റപ്പെടലില്‍ നിന്ന് ഉഷാദേവി ആശ്വാസം കണ്ടെത്തിയത് പശുവളര്‍ത്തലിലൂടെയായിരുന്നു.
കൊഴുപ്പ് തീരെ കുറവുളളതു കൊണ്ട് പാല് വാങ്ങാന്‍ ആരും വരാറില്ല. കിട്ടുന്ന പാല് കിടാങ്ങള്‍ക്കും വീട്ടിലെ അതിഥികളായി എത്തുന്ന പട്ടികള്‍ക്കും പുച്ചയ്ക്കുമായി നല്‍കുകയാണ് പതിവ്. പെന്‍ഷന്‍ തുക കൊണ്ട് വൈക്കോലും കാലിതീറ്റയും വാങ്ങിയാല്‍ മറ്റ് ചിലവുകള്‍ക്ക് ലോട്ടറി കച്ചവടം നടത്തിയാണ് ഉഷാദേവി ജീവിതം തള്ളി നീക്കുന്നത്.
അഞ്ച് പശുക്കളുണ്ടെങ്കിലും നിലവില്‍ ലക്ഷ്മിയ്ക്കാണ് കറവയുള്ളത്. ഇവള്‍ക്ക് മൂന്ന് കുട്ടികളാണ്. കണ്ണന്‍, ത്രയംമ്പക, കല്യാണിയെന്നു പേരുള്ള കല്ലു, അപ്പു. വീടിനുള്ളില്‍ കഴിയുന്ന പശുക്കള്‍ മൂത്രവും ചാണകവുമിടണമെങ്കില്‍ ഉഷാദേവിയെ ആംഗ്യ ഭാഷ കാണിയ്ക്കും. ഉടന്‍ ബക്കറ്റുമായി എത്തി ആവശ്യം കഴിഞ്ഞാല്‍ പുറത്ത് കൊണ്ടു പോയി കളയുകയാണ് പതിവ്. 2015 ല്‍ ചേര്‍ത്തല തെക്ക് പഞ്ചായത്തിന്റെ ആദരവും ആ വര്‍ഷം തന്നെ ക്ഷീരകര്‍ഷക അവാര്‍ഡും ഉഷാദേവിയെ തേടിയെത്തി.
ഒരേയൊരു ദുഃഖമാണ് ഉള്ളത്. മഴക്കാലമായാല്‍ വീടിന് ചുറ്റും മഴ വെള്ളം കെട്ടി കിടക്കുന്നതു മൂലം പശുക്കളെ പുറത്തേയ്ക്ക് പോലും കൊണ്ടുപോകാന്‍ പറ്റാത്ത അവസ്ഥ. ഇതിന് പരിഹാരം കാണാന്‍ പലവിധ ഓഫീസുകളും കയറിയിട്ടും നടന്നില്ല. മന്ത്രി പി.പ്രസാദിനോട് അവസ്ഥകള്‍ പറഞ്ഞിട്ടുണ്ട്. പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് ഉഷാദേവി.
Discussion about this post