അലിഗഡ്: അഞ്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് കേദാര്‍നാഥില്‍ ഉണ്ടായ പ്രളയത്തില്‍ അകപ്പെട്ട് കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തി. അലിഗഡ് സ്വദേശിയായ 17കാരിയ്ക്കാണ് ഇത്രയേറെ വര്‍ഷങ്ങള്‍ക്കു ശേഷം കുടുംബാംഗങ്ങളെ കണ്ടുമുട്ടാന്‍ ഭാഗ്യമുണ്ടായത്. മാനസികമായ വെല്ലുവിളി നേരിടുന്ന 12 കാരിയെയാണ് 2013ല്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ കുടുംബത്തിന് നഷ്ടമായത്. മാതാപിതാക്കള്‍ക്കൊപ്പം കേദാര്‍നാഥിലേക്ക് നടത്തിയ തീര്‍ഥയാത്രയ്ക്കിടെയാണ് ഇവര്‍ പ്രളയത്തില്‍ അകപ്പെട്ടത്. അമ്മ മാത്രമാണ് പ്രളയത്തില്‍നിന്ന് രക്ഷപ്പെട്ട് നാട്ടില്‍ തിരിച്ചെത്തിയത്. അച്ഛന് ഇപ്പോഴും കാണാമറയത്താണ്.
പ്രളയത്തില്‍ അകപ്പെട്ട് ചഞ്ചല്‍ മരിച്ചെന്നാണ് വീട്ടുകാര്‍ കരുതിയിരുന്നത്. അതിനാല്‍ പിന്നീട് അന്വേഷണങ്ങളും നടത്തിയിരുന്നില്ല. എന്നാല്‍ പ്രളയത്തില്‍ നിന്നും രക്ഷാപ്രവര്‍ത്തകര്‍ ചഞ്ചലിനെ രക്ഷപ്പെടുത്തുകയും, ജമ്മുവിലുള്ള ഒരു അനാഥാലയത്തില്‍ എത്തിക്കുകയും ചെയ്തു. വിലാസമോ മാതാപിതാക്കളെക്കുറിച്ചുള്ള വിവരമോ പറയാന്‍ ചഞ്ചലിന് കഴിയാത്തതിനാല്‍ വീട്ടുകാരെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ഏതാനും മാസങ്ങളായി ചഞ്ചല്‍ അലിഗഡ് എന്ന സ്ഥലത്തെക്കുറിച്ച് പറയാന്‍ ശ്രമിക്കുന്നതായി അവളുടെ പ്രതികരണങ്ങളില്‍നിന്ന് അനാഥാലയ അധികൃതര്‍ക്ക് മനസ്സിലായി. അതിനാല്‍ തന്നെ അലിഗഡില്‍ അന്വേഷണം നടത്താന്‍ അധികൃതര്‍ തീരുമാനിച്ചു.
തുടര്‍ന്ന് അലിഗഡിലെ ജനപ്രതിനിധിയായ സഞ്ജീവ് രാജയുമായി അധികൃതര്‍ ബന്ധപ്പെടുകയും, അദ്ദേഹം അലിഗഡിലെ ‘ചൈല്‍ഡ് ലൈന്‍ അലിഗഡ്’ എന്ന സന്നദ്ധ സംഘടനയുടെ ഡയറക്ടര്‍ ജ്ഞാനേന്ദ്ര മിശ്രയെ വിവരം ധരിപ്പിക്കുകയും ചെയ്തു. മിശ്രയാണ് ചഞ്ചലിന്റെ വീട്ടുകാരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
വര്‍ഷങ്ങള്‍ക്കു മുന്‍പ് കാണാതായ കൊച്ചുമകളെ കണ്ടെത്തിയ സന്തോഷം അടക്കാനാകുന്നില്ലെന്നാണ് ചഞ്ചലിന്റെ മുത്തച്ഛന് ഹരീഷ് ചന്ദും മുത്തശ്ശി ശകുന്തളാ ദേവിയും പ്രതികരിച്ചത്.
Discussion about this post