കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന് ദിലീപിന്റെ ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. പതിനൊന്ന് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ദിലീപ് പുറത്തിറങ്ങി. മാധ്യമങ്ങളോട് പ്രതികരിക്കാതെയാണ് ദിലീപ് ആലുവയിലെ വീട്ടിലേക്ക് മടങ്ങിയത്.
ദിലീപിന്റെ മൊഴിയില്‍ നിറയെ പൊരുത്തക്കേടുകളുണ്ടെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങളുടെ പ്രതികരണം. ചോദ്യങ്ങള്‍ക്ക് നിഷേധാത്മക മറുപടികളാണ് ദിലീപ് നല്‍കിയത്. തെളിവുള്ള കാര്യങ്ങളില്‍ പോലും നിഷേധാത്മക മറുപടികളാണ് ദിലീപില്‍ നിന്നും ലഭിച്ചത്. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണം ദിലീപ് നിഷേധിച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഗുഢാലോചനയെന്ന ആരോപണം തെറ്റാണെന്ന നിലപാടിലാണ് ദിലീപ്. ജീവിതത്തില്‍ ഒരാളെ പോലും ദ്രോഹിച്ചിട്ടില്ലെന്നും കോടതിയില്‍ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കാണിച്ചപ്പോഴും അതുവേണ്ടെന്ന് പറഞ്ഞുവെന്നും ദിലീപ് പറയുന്നു. നടിയെ ആ അവസ്ഥയില്‍ കാണാന്‍ കഴിയാത്തതുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്നും ചോദ്യം ചെയ്യലില്‍ ദിലീപ് അറിയിച്ചെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങളില്‍ നിന്നും ലഭിച്ച വിവരം.
ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് രാവിലെ ഒമ്പത് മണി മുതല്‍ രാത്രി എട്ട് മണിവരെയാണ് ചോദ്യം ചെയ്യലിന് അനുമതിയുള്ളത്. കൃത്യം എട്ട് മണിക്ക് തന്നെ ചോദ്യം ചെയ്യല്‍ അവസാനിപ്പിച്ചിരുന്നു. 11 മണിക്കൂറാണ് ചോദ്യം ചെയ്തത്. ദിലീപിന്റെയും കൂട്ടുപ്രതികളുടേയും മൊബൈല്‍ ഫോണുകള്‍ ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തു. മൊബൈല്‍ ഫോണുകള്‍ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും. ഈ മാസം 13ന് നടന്ന റെയ്ഡിലും ദിലീപിന്റെയും അനൂപിന്റെയും ഫോണുകള്‍ കസ്റ്റഡിയിലെടുത്തിരുന്നു.
ഇന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യത്യസ്ത സംഘങ്ങളായി തിരിഞ്ഞാണ് അഞ്ച് പ്രതികളേയും ചോദ്യം ചെയ്തത്. മൊഴികള്‍ വിശദമായി പരിശോധിച്ച ശേഷം നാളെ പ്രതികളെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. മൊഴികളില്‍ വൈരുദ്ധ്യമുണ്ടോയെന്ന് പരിശോധിച്ച ശേഷമാണ് പ്രതികളെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുക. എസ്.പി മോഹനചന്ദ്രന്റെ നേതൃത്വത്തിലാണ് മൊഴികള്‍ പരിശോധിക്കുക. ദിലീപിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന് ബാലചന്ദ്രകുമാറിനെ കൊച്ചിയിലേക്ക് വിളിച്ചുവരുത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇരുവരേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനും സാധ്യതയുണ്ട്.
Read Also: ‘ആ പോലീസുകാരനെ എനിക്കറിയാം, അയാളൊരു സംഘിയല്ല’: ഓച്ചിറ എസ്എച്ച്ഒ വിനോദിനെ കുറിച്ച് കുറിപ്പ്
അതേസമയം, നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന സര്‍ക്കാര്‍ ആവശ്യത്തിനെതിരെ ദിലീപ് സുപ്രീംകോടതിയെ സമീപിച്ചു. ജഡ്ജി മാറുന്നത് വരെ വിചാരണ വൈകിപ്പിക്കുകയെന്ന ഗൂഢോദ്ദേശമാണ് സര്‍ക്കാരിനെന്നാണ് ദിലീപിന്റെ ആരോപണം. ബാലചന്ദ്രകുമാര്‍ അന്വേഷണസംഘം വാടക്കെടുത്ത സാക്ഷിയാണെന്നും ദിലീപ് ആരോപിച്ചു. സര്‍ക്കാരിന്റെ അപേക്ഷ നാളെ സുപ്രീം കോടതി പരിഗണിക്കും.
ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ തുടരന്വേഷണം ആവശ്യമാണെന്നുതടക്കം ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. നാളെ ഈ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് ആവശ്യത്തെ എതിര്‍ത്തുള്ള ദിലീപിന്റെ നീക്കം. വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ഹര്‍ജിയില്‍ ദിലീപ് ആവശ്യപ്പെട്ടു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളെ വിശ്വാസത്തിലെടുക്കാനാകില്ല. തുടരന്വേഷണം നടത്തുന്നത് വിചാരണ വൈകിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും ദിലീപ് ആരോപിക്കുന്നു.
Discussion about this post