ഒറ്റയ്ക്ക് വിമാനം പറത്തി ലോകം മുഴുവന്‍ ചുറ്റിക്കണ്ട് റെക്കോര്‍ഡിട്ട് 19കാരി സാറ റുഥര്‍ഫോഡ്. വെറും അഞ്ചുമാസം, കൃത്യമായിപ്പറഞ്ഞാല്‍ 155 ദിവസം കൊണ്ടാണ് സാറ ലോകം ചുറ്റിക്കണ്ടത്.
ബെല്‍ജിയന്‍-ബ്രിട്ടീഷ് പൈലറ്റാണ് സാറ റുഥര്‍ഫോഡ്. ഒറ്റയ്ക്ക് വിമാനം പറത്തി ലോകം മുഴുവന്‍ ചുറ്റിക്കണ്ട് നാട്ടില്‍ തിരിച്ചെത്തിയിരിക്കുകയാണവള്‍. ലോകം ഒറ്റയ്ക്ക് ചുറ്റിക്കാണുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതയെന്ന ലോകറെക്കോര്‍ഡ് സാറ ചെറുപ്രായത്തിലേ സ്വന്തമാക്കിയത്.
കഴിഞ്ഞ ദിവസമാണ് ലോകപര്യടനം പൂര്‍ത്തീകരിച്ച് തന്റെ കൊച്ചുവിമാനത്തില്‍ സാറ റുഥര്‍ഫോഡ് ബെല്‍ജിയത്തിലെ കോര്‍ട്രൈക് വെവല്‍ഗെം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പറന്നിറങ്ങിയത്. തിരിച്ചിറങ്ങുമ്പോള്‍ കുടുംബവും മാധ്യമപ്രവര്‍ത്തകരും ഇഷ്ടക്കാരുമായി വലിയൊരു പട തന്നെ വിമാനത്താവളത്തില്‍ സ്വീകരിക്കാനുണ്ടായിരുന്നു.
നേരത്തെ നിശ്ചയിച്ചതിലും രണ്ടു മാസം വൈകിയാണ് യാത്ര പൂര്‍ത്തിയാക്കാനായത്. പ്രതികൂല കാലാവസ്ഥയായിരുന്നു നിശ്ചയിച്ച സമയത്തിനുള്ളില്‍ യാത്ര പൂര്‍ത്തിയാക്കാന്‍ തടസമായത്. നാട്ടില്‍ തിരിച്ചിറങ്ങുമ്പോള്‍ സാറയെ അനുഗമിച്ച് ബെല്‍ജിയന്‍ റെഡ് ഡെവില്‍സിന്റെ നാല് വിമാനങ്ങളുടെ ആകാശാഭ്യാസപ്രടനങ്ങളുമുണ്ടായിരുന്നു.
”എല്ലാമൊരു ഭ്രാന്ത് മാത്രമായിരുന്നു. അതേക്കുറിച്ച് കൂടുതലൊന്നും ആലോചിച്ചിട്ടില്ല (ഇനിയും അതെല്ലാം ഓര്‍ത്തെടുക്കാനിരിക്കുന്നേയുള്ളൂ)!”സാറ മാധ്യമപ്രവര്‍ത്തകരോട് സന്തോഷം പങ്കുവച്ചു.
അഞ്ചു ഭൂഖണ്ഡങ്ങള്‍, 30 രാജ്യം, 51,000 കി.മീറ്റര്‍ അഞ്ചു ഭൂഖണ്ഡങ്ങള്‍. 60 ഇടത്താവളങ്ങള്‍. 30 രാജ്യങ്ങള്‍. 51,000 കി.മീറ്റര്‍ ദൂരമാണ് ഈ സോളോയാത്രയില്‍ സാറ റുഥര്‍ഫോഡ് താണ്ടിയത്. ഏറ്റവും ദുഷ്‌ക്കരമായ യാത്രാനുഭവം സൈബീരിയയിലായിരുന്നു. മഞ്ഞില്‍ പൊതിഞ്ഞുകിടന്ന സൈബീരിയയിലേക്ക് പറക്കുമ്പോള്‍ മരണം പോലും മുന്നില്‍കണ്ടിരുന്നുവെന്നാണ് സാറ മാധ്യമങ്ങളോട് പറഞ്ഞത്.
മൈനസ് 35 ഡിഗ്രി സെല്‍ഷ്യല്‍ ആയിരുന്നു ആ സമയത്ത് സൈബീരിയയിലെ താപനില! സൈബീരിയയിലെ ഉത്തരധ്രുവ ഹിമപാളികള്‍ മുതല്‍ ഫിലിപ്പൈന്‍സിലെ കൊടുങ്കാറ്റ് വരെ അതിജീവിച്ചായിരുന്നു യാത്ര. കാലിഫോര്‍ണിയന്‍ കാടുകളിലെ വന്‍തീപിടിത്തത്തിന്റെ ചൂടും ചൂരും അനുഭവിക്കേണ്ടിവന്നു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 18നാണ് സോളോട്രിപ്പിന് തുടക്കം കുറിക്കുന്നത്. പൈലറ്റുമാരാണ് അച്ഛനുമമ്മയും. അതുകൊണ്ടുതന്നെ 14-ാം വയസു മുതല്‍ സാറയ്ക്ക് വിമാനം പറത്താനുള്ള പരിശീലനം ലഭിച്ചിരുന്നു. എന്നാല്‍, ലൈസന്‍സ് ലഭിച്ചത് 2020ലാണ്. അച്ഛനുമമ്മയും തന്ന ഉറച്ച പിന്തുണ തന്നെയായിരുന്നു ഈ സ്വപ്നയാത്രയ്ക്കു പിന്നിലുള്ള ഏറ്റവും വലിയ ആത്മവിശ്വാസം. സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയത് സ്ളോവാക്യന്‍ വിമാനനിര്‍മ്മാതാക്കളായ ഷാര്‍ക്കും.
കമ്പനിയുടെ ഷാര്‍ക്ക് യുഎല്‍ വിമാനത്തിലായിരുന്നു സാറയുടെ ചരിത്രയാത്ര. സ്‌കൂള്‍ പഠനം നടത്തിയ ബ്രിട്ടനിലെ ഹാംപ്ഷറിലെ സ്‌കൂളും യാത്രയുടെ സ്പോണ്‍സര്‍മാരായി രംഗത്തെത്തിയപ്പോള്‍ പിന്നീട് യാത്രയ്ക്കുമുന്നില്‍ മറ്റു തടസങ്ങളൊന്നുമുണ്ടായിരുന്നില്ല.
യാത്രയില്‍ കണ്ടതും കേട്ടതുമെല്ലാം സ്വന്തം അനുഭവമായി ചുരുക്കാന്‍ സാറ ആഗ്രഹിക്കുന്നില്ല. സാഹസികയാത്രയുടെ എല്ലാ അനുഭവവും ലോകത്തോട് മുഴുവന്‍ പറയാനിരിക്കുകയാണ് അവര്‍. ജീവിതത്തില്‍ വിചിത്രവും കൗതുകം നിറഞ്ഞതുമായ കാര്യങ്ങള്‍ ചെയ്യാന്‍ മറ്റുള്ളവര്‍ക്കും അതൊരു പ്രോത്സാഹനമായാലോ എന്നാണ് അവള്‍ ആലോചിക്കുന്നത്. ഇനി അടുത്തൊന്നും പുതിയ സാഹസികയാത്രകള്‍ പ്ലാനിലില്ല.
അമേരിക്കയിലോ ബ്രിട്ടനിലോ ഏതെങ്കിലും സര്‍വകലാശാലകളില്‍ ബിരുദപഠനത്തിന് ചേരണം. ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് പഠിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. അടുത്ത സെപ്റ്റംബറില്‍ ഏതെങ്കിലും സര്‍വകലാശാലകളില്‍ പ്രവേശനം നേടിയെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ്. റെക്കോര്‍ഡ് നേട്ടക്കാര്‍ അമേരിക്കക്കാരിയായ ഷീസ്ത വായിസ് ആയിരുന്നു ഇതുവരെ ലോകം ഒറ്റയ്ക്ക് വിമാനത്തില്‍ ചുറ്റിക്കണ്ട ഏറ്റവും പ്രായം കുറഞ്ഞ വനിത.
2017ല്‍ 30-ാം വയസിലായിരുന്നു ഷീസ്തയുടെ റെക്കോര്‍ഡ് നേട്ടം. ബ്രിട്ടീഷ് പൗരനായ ട്രാവിസ് ലുഡ്ലോ ആണ് ഈ നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പുരുഷന്‍. 2021 ജൂലൈയില്‍ തന്റെ 18-ാം വയസിലായിരുന്നു ട്രാവിസ് ഗിന്നസ് റെക്കോര്‍ഡില്‍ ഇടംപിടിച്ചത്.
Discussion about this post