മാരാരിക്കുളം: വീട്ടിലോ കടയിലോ എത്തി ലോട്ടറി എടുത്ത് മടങ്ങുന്ന 55 കാരനായ ജയനെ ഇന്നലെ എങ്ങും കണ്ടില്ല. ഒടുവിൽ ജയനെ തേടിപ്പിടിച്ച് സമാനപ്രായക്കാരനായ രാജൻ ഏൽപ്പിച്ച ലോട്ടറിക്ക് ഒന്നാം സമ്മാനവും. ഭാഗ്യം തേടിയെത്തുക എന്നു പറയുന്നത് ഇതാണ്. 75 ലക്ഷം രൂപയാണ് രാജന്റെ സ്നേഹത്തിൽ ജയന് കൈവന്നത്.
ചൊവ്വാഴ്ച നറുക്കെടുപ്പു നടന്ന സ്ത്രീശക്തി ഭാഗ്യക്കുറിയിലെ ഒന്നാം സമ്മാനമാണ് മായിത്തറ പ്ലാക്കുഴിയിൽ ജയനു ലഭിച്ചത്. ചേർത്തല സെയ്ന്റ് മൈക്കിൾസ് കോളേജിനു സമീപം പലചരക്കു കച്ചവടം നടത്തുന്ന ജയൻ സ്ഥിരമായി ഭാഗ്യക്കുറി എടുക്കും. മരുത്തോർവട്ടം പള്ളിക്കവല സ്വദേശി രാജനാണു നൽകുന്നത്.
സാധാരണ രാജന്റെ വീട്ടിലോ കടയിലോ എത്തിയാണ് ടിക്കറ്റ് നൽകുന്നത്. ചൊവ്വാഴ്ച ജയനെ അന്വേഷിച്ചു രണ്ടുതവണ ചെന്നെങ്കിലും കാണാൻ സാധിച്ചില്ല. അന്വേഷിച്ചപ്പോൾ മായിത്തറയിൽ ഫോൺ റീ ചാർജു ചെയ്യാൻ പോയതായി അറിഞ്ഞു. രാജൻ സൈക്കിളിൽ മായിത്തറയിലേക്കു വിട്ടു. ജുവനൈൽ ഹോമിനു സമീപത്ത് ജയനെ കണ്ടപ്പോൾ ടിക്കറ്റ് കൈമാറുകയായിരുന്നു. കെട്ടിടനിർമാണത്തൊഴിലാളിയായിരുന്ന രാജനു ഹൃദ്രോഗം വന്നപ്പോഴാണു രണ്ടുവർഷം മുൻപ് ഭാഗ്യക്കുറി വില്പന തുടങ്ങിയത്.
ഹൃദയ ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടർ ഉപദേശിച്ചെങ്കിലും പണമില്ലാത്തതിനാലാണ് ശസ്ത്രക്രിയ നീട്ടിവെട്ടത്. കമ്മിഷൻ തുക കിട്ടുമ്പോൾ ഇതു ചെയ്യാനാകുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. സമ്മാനത്തുക ഉപയോഗിച്ച് ആദ്യം അനന്തരവളുടെ വിവാഹം നടത്തുമെന്ന് ജയൻ പറഞ്ഞു. സഹോദരിയുടെ ഭർത്താവ് മരിച്ചതിനാൽ ആരും സഹായത്തിനില്ല. ജയന്റെ ഭാര്യ വത്സല കർഷകത്തൊഴിലാളിയാണ്. മക്കൾ: മണികണ്ഠൻ, ശബരിനാഥ്.
Discussion about this post