ന്യൂഡൽഹി: ലോക സാമ്പത്തിക ഫോറത്തിന്റെ സമ്മേളനത്തിൽ ഓൺലൈനായി പങ്കെടുക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസംഗം തടസപ്പെട്ടത് ആശയക്കുഴപ്പം കാരണമെന്ന്. പ്രധാനമന്ത്രിയുടെ പ്രസംഗം ഇടയ്ക്കുവെച്ച് തടസപ്പെട്ടത് ടെലിപ്രോംപ്റ്റർ തകരാറായതുകൊണ്ടല്ലെന്നും ആശയവിനിമയത്തിലുണ്ടായ ആശയക്കുഴപ്പാണ് പ്രശ്‌നമായതെന്നും സ്ഥിരീകരിച്ചു.
ലോക സാമ്പത്തിക ഫോറത്തിന്റെ സംഘാടകരും മോഡിയുടെ ടീമും തമ്മിലുള്ള ആശയവിനിമയത്തിലാണ് പ്രശ്‌നമുണ്ടായതെന്ന് വിഡിയോ ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. ടെലിപ്രോംപ്റ്റർ പണിമുടക്കിയതു മൂലം മോഡി പ്രസംഗത്തിനിടെ തപ്പിത്തടയുന്നു എന്നാണ് സോഷ്യൽമീഡിയയിലൂടെ പ്രചരിച്ചിരുന്നത്.
വെർച്വൽ സമ്മേളനത്തിൽ അവതാരകനായ ലോക സാമ്പത്തിക ഫോറം എക്‌സിക്യൂട്ടീവ് ചെയർമാൻ ക്ലോസ് ഷ്വാബ് ഔപചാരിക സ്വാഗതപ്രസംഗം നടത്തുന്നതിനു മുൻപ് മോഡി പ്രസംഗം ആരംഭിച്ചിരുന്നു. ഇത് മോഡിയുടെ യുട്യൂബ് ചാനലിൽ സംപ്രേഷണം ചെയ്തു തുടങ്ങി. എന്നാൽ, ലോക സാമ്പത്തിക ഫോറത്തിന്റെ യുട്യൂബ് ചാനലിൽ അപ്പോൾ ലൈവ് ആരംഭിച്ചിട്ടുണ്ടായിരുന്നില്ല.
മോഡി പ്രസംഗിക്കുന്നതിനിടെ, ഔപചാരിക സ്വാഗതം പൂർത്തിയായിട്ടില്ല എന്ന് മോഡിയുടെ ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിച്ചു. മൈക്കിലൂടെ ഇക്കാര്യം ഒന്നു ചോദിക്കൂ എന്ന് ഒരാൾ മോഡിയോടു പറയുന്ന ശബ്ദം വീഡിയോയിൽ കേൾക്കാം. അപ്പോഴാണ് മോഡി, ഇയർഫോൺ ചെവിയിൽ വയ്ക്കുകയും സാമ്പത്തികഫോറം സംഘാടകരോട് കേൾക്കാമോ എന്നു ചോദിക്കുകയും ചെയ്യുന്നത്.
ഇതോടെ ആശയക്കുഴപ്പം മനസ്സിലാക്കി മോഡി പ്രസംഗം നിർത്തി. തുടർന്ന്, ഷ്വാബ് ഔപചാരിക സ്വാഗതം പറഞ്ഞു. തുടർന്നാണ് സാമ്പത്തിക ഫോറത്തിന്റെ യുട്യൂബ് ചാനലിൽ ലൈവ് ആരംഭിക്കുന്നത്. തുടർന്നു മോഡി വീണ്ടും പ്രസംഗിക്കുകയും ചെയ്തു.
Discussion about this post