ന്യൂഡല്‍ഹി : യുഎസിലേക്ക് പരിശീലത്തിനായി പറന്നത് നാട്ടിലെ വിവാഹ ക്ഷണങ്ങളില്‍ നിന്ന് രക്ഷപെടാനെന്ന് ഇന്ത്യയുടെ ഒളിംപിക് സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്ര. നാട്ടിലിപ്പോള്‍ വിവാഹ സീസണാണെന്നും ഇത് മൂലം പരിശീലനത്തിലുണ്ടാകുന്ന ശ്രദ്ധ തിരിയല്‍ ഒഴിവാക്കാനായിരുന്നു യുഎസ് യാത്രയെന്നുമാണ് നീരജ് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.
ടോക്കിയോ ഒളിംപിക്സില്‍ സ്വര്‍ണം നേടിയതിന് ശേഷം മത്സരങ്ങളിലൊന്നും നീരജ് പങ്കെടുത്തിട്ടില്ല. പരിശീലനത്തില്‍ ശ്രദ്ധിക്കാനും ശാരീരികക്ഷമത വീണ്ടെടുക്കാനുമാണ് യുഎസിലേക്ക് പറന്നതെന്നാണ് താരം അറിയിച്ചിരിക്കുന്നത്.
“ഞങ്ങള്‍ കായിക താരങ്ങള്‍ ബന്ധങ്ങളില്‍ നിന്ന് വിട്ടുനിന്ന് കരിയറിലെ ഭൂരിഭാഗം സമയവും മത്സരത്തിനായും പരിശീലനത്തിനായുമാണ് ചിലവഴിക്കുന്നത്. ഒളിംപിക് മെഡല്‍ നേടിയതിന് ശേഷം ഒരുപാടാളുകളെ പരിചയപ്പെടാന്‍ സാധിച്ചു. അവരുടെ പ്രശംസയും മറ്റുമൊക്കെ ഏറെ സന്തോഷം തരുന്നതാണെങ്കിലും അവ പലപ്പോഴും സമ്മര്‍ദത്തിലാക്കുന്നുമുണ്ട്. അതിനാല്‍ തുടങ്ങിയിടത്തേക്ക് തന്നെ മടങ്ങേണ്ടിയിരിക്കുന്നു, പരിശീലനത്തിലേക്ക് മടങ്ങിയതിന് ശേഷം ഞാന്‍ വീണ്ടും കൂടുതല്‍ ആശ്വാസം കണ്ടെത്തുകയാണ്.” നീരജ് പറഞ്ഞു.
“ഹരിയാനയില്‍ ശൈത്യകാലം ആരംഭിച്ചു. ഒപ്പം തന്നെ വിവാഹ സീസണും. പല വിവാഹങ്ങള്‍ക്കും എനിക്ക് ക്ഷണമുണ്ട്. അതെല്ലാം എന്നെ തളര്‍ത്തിയിരുന്നു. ഇപ്പോള്‍ സന്തോഷവാനാണ്. മനസമാധാനത്തോടെ പരിശീലിക്കാന്‍ കഴിയുന്നുണ്ട്.” നീരജ് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷം നടന്ന ടോക്കിയോ ഒളിംപിക്സില്‍ ജാവലിന്‍ ത്രോയില്‍ 87.5 മീറ്റര്‍ എറിഞ്ഞാണ് നീരജ് ഇന്ത്യക്ക് വേണ്ടി സ്വര്‍ണം നേടിയത്. അഭിനവ് ബിന്ദ്രയ്ക്ക് ശേഷം ഒളിംപിക് വ്യക്തിഗതയിനത്തില്‍ സ്വര്‍ണം നേടുന്ന ഇന്ത്യന്‍ കായിക താരമാണ് നീരജ്. ഒളിംപിക് ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ ഇന്ത്യയുടെ നൂറിലധികം വര്‍ഷത്തെ കാത്തിരിപ്പിനാണ് നീരജിലൂടെ അവസാനം കണ്ടത്.
Discussion about this post