ഇന്ദോര്‍: രണ്ട് വ്യത്യസ്ത വാക്‌സിനുകളുടെ നാല് ഡോസ് വീതം എടുത്തിട്ടും യുവതിക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് നാല് ഡോസ് വാക്സിന്‍ സ്വീകരിച്ച സ്ത്രീക്കാണ് ഇന്ദോര്‍ വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചത്. എയര്‍ ഇന്ത്യ വിമാനത്തില്‍ ദുബായിലേയ്ക്ക് പോകാനായി ഇന്ദോറിലെത്തിയ സ്ത്രീക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നാണ് 30-കാരിയായ സ്ത്രീ നാല് ഡോസ് വാക്സിന്‍ സ്വീകരിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ചൈനീസ് വാക്സിനായ സിനോഫാമിന്റേയും ഫൈസറിന്റേയും രണ്ട് വീതം ഡോസുകളാണ് ഇവര്‍ സ്വീകരിച്ചത്. ഈ വര്‍ഷം ജനുവരിയിലും ഓഗസ്റ്റിലുമായി ഇവര്‍ നാല് തവണ വാക്സിന്‍ സ്വീകരിച്ചിരുന്നതായാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
രോഗം സ്ഥിരീകരിച്ചതിനേ തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗലക്ഷണങ്ങളൊന്നും ഇല്ലാതിരുന്ന അവര്‍ക്ക് ഒരു ദിവസം മുമ്പ് നടത്തിയ പരിശോധനയില്‍ ഫലം നെഗറ്റീവ് ആയിരുന്നു. അടുത്ത ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി 12 ദിവസം മുമ്പാണ് ഇവര്‍ എത്തിയത്. ചൊവ്വാഴ്ച നടത്തിയ പരിശോധനയുടെ ഫലം നെഗറ്റീവായിരുന്നു. കഴിഞ്ഞ ദിവസം ദുബായിലേയ്ക്ക് മടങ്ങാനിരിക്കെയാണ് വിമാനത്താവളത്തില്‍ സര്‍ക്കാര്‍ മാനദണ്ഡപ്രകാരം കോവിഡ് പരിശോധനക്ക് വിധേയയായത്.
Discussion about this post