ജനീവ : വരാനിരിക്കുന്നത് കോവിഡ് സുനാമിയെന്ന് ലോകാരോഗ്യ സംഘടന. വരും മാസങ്ങളില്‍ ലോകമെങ്ങും കോവിഡ് കേസുകള്‍ കുതിച്ചുയരുമെന്നും രാജ്യങ്ങളുടെ ആരോഗ്യമേഖലയെ കോവിഡ് നിലംപരിശാക്കുമെന്നും ഡബ്ല്യൂ.എച്ച്.ഒ മേധാവി ടെഡ്രോസ് അഡാനം മുന്നറിയിപ്പ് നല്കി.
വാക്സീന്റെ തുല്യവിതരണം എല്ലാ രാജ്യങ്ങളിലും ഉറപ്പിക്കാനാവാതിരുന്നത് വെല്ലുവിളിയായെന്നാണ് അഡാനം ചൂണ്ടിക്കാട്ടുന്നത്. എല്ലാ രാജ്യത്തും ആകെ ജനസംഖ്യയുടെ 70 ശതമാനമെങ്കിലും മുഴുവന്‍ ഡോ്സ് വാക്സീനും സ്വീകരിച്ചിരിക്കണമെന്നും അതാണ് 2022ലെ വെല്ലുവിളിയെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. വാക്സിനേഷന് എതിരായ പ്രചാരണങ്ങളെ ചെറുക്കേണ്ടതിന്റെ ആവശ്യകതയും അഡാനം ഊന്നിപ്പറഞ്ഞു.
കൂടുതല്‍ വ്യാപനശേഷിയുള്ള ഒമിക്രോണും നിലവില്‍ അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുന്ന ഡെല്‍റ്റയും ചേര്‍ന്ന് കോവിഡ് കേസുകളുടെ സുനാമിക്ക് വഴിവെച്ചേക്കാമെന്നാണ് ലോകാരോഗ്യ സംഘടന വിലയിരുത്തുന്നത്. ഒമിക്രോണ്‍ വകഭേദം വാക്സീന് എടുത്തവരെയും ഒരിക്കല്‍ രോഗം വന്നവരെയും ബാധിക്കുന്നുണ്ട്.അതിനാല്‍ തന്നെ വാക്സീന് എടുക്കാത്തവരില്‍ മരണ നിരക്ക് കൂടുമെന്നാണ് സംഘടനയുടെ നിഗമനം.
യൂറോപ്യന്‍ രാജ്യങ്ങളില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മിക്ക രാജ്യങ്ങളും നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ്. വരും ദിവസങ്ങളിലെ രോഗികളുടെ എണ്ണം കണക്കിലെടുത്താകും കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുക.ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ രണ്ട് ദിവസമായി നേരിയ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
Discussion about this post