സാഹചര്യ സമ്മര്‍ദ്ദങ്ങള്‍ കാരണം കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്നവരുണ്ട്, ഒരു തെറ്റും ചെയ്യാതെ ജനിച്ചുവീഴുന്ന കുഞ്ഞുങ്ങളെ അമ്മത്തൊട്ടിലുകളിലും മറ്റും ഉപേക്ഷിക്കപ്പെടുന്നത്. ദത്ത് പ്രക്രിയയിലൂടെ കുഞ്ഞുങ്ങള്‍ക്ക് പുതിയ സ്നേഹ തണലുകളിലേക്ക് എത്തിപ്പെടാറുണ്ട്.
അത്തരത്തില്‍ കരളലിക്കുന്ന അനുഭവം പങ്കുവച്ചിരിക്കുകയാണ് കുട്ടികളെ ഔദ്യോഗികമായി ദത്ത് കൊടുക്കുന്നതിന് അധികാരപ്പെട്ട സമിതിയിലെ അംഗമായ ഡോ. കെജി വിശ്വനാഥന് സ്വാസ്തി. കുഞ്ഞുങ്ങളെ ദത്തു നല്‍കുന്നതിനും ഏറ്റുവാങ്ങുന്നതിനുമൊക്കെ വലിയ നടപടിക്രമങ്ങളാണുള്ളത്.
കണ്ണുനനയിക്കുന്ന രംഗങ്ങളും അമ്പരപ്പും സന്തോഷവുമെല്ലാം നിഴലിച്ചു നില്ക്കുന്ന അനുഭവം ഡോ. കെ.ജി വിശ്വനാഥന് ഫേസ്ബുക്ക് കുറിപ്പിലാണ് പങ്കുവച്ചത്.
ഡോ. കെ.ജി വിശ്വനാഥന് പങ്കുവച്ച കുറിപ്പ്:
കുട്ടികളെ ഔദ്യോഗികമായി ദത്ത് കൊടുക്കുന്നതിന് അധികാരപ്പെട്ട സമിതിയിലെ അംഗം എന്ന നിലയില്‍ പങ്കെടുക്കുമ്പോഴും കുട്ടികളെ പുതിയ മാതാപിതാക്കളുടെ കൈയില്‍ ഏല്‍പ്പിക്കുമ്പോഴും വലിയ ചാരിതാര്‍ത്ഥ്യം തോന്നാറുണ്ട്. ഇന്നത്തെ ദത്തു നല്കല് മനസ്സിന് വലിയ വിങ്ങലുണ്ടാക്കി. പതിവില്‍ നിന്ന് വ്യത്യസ്തമായിരുന്നു എല്ലാം.
മൂന്നര വയസ്സുള്ള പെണ്‍കുട്ടി. മൂന്നേകാല്‍ വയസ്സുവരെ പെറ്റമ്മയുടെ കൂടെ കഴിഞ്ഞവള്‍ – ഒപ്പം പിതാവും – ഒരു ഘട്ടത്തില്‍ മനസ്സിനുണ്ടായ പതറിച്ച അമ്മയെ കൊണ്ടെത്തിച്ചത് ‘എനിക്കിവള് വേണ്ട, എനിക്കിവളെ നോക്കാന്‍ വയ്യ’എന്ന കടുത്ത നിലപാടിലേക്കായിരുന്നു. പിതാവും അത്തരം നിലപാടിലേക്കെത്തിയപ്പോള്‍ അവള് അനാഥയായി.
കുഞ്ഞിനെ സറണ്ടര്‍ ചെയ്യാന്‍ കൊണ്ടുവന്നപ്പോള്‍ ഒരു പാട് നിര്‍ബന്ധിച്ചെങ്കിലും അവരുടെ തീരുമാനത്തില്‍ മാറ്റമുണ്ടായില്ല. ഇന്ന് അവളെ പുതിയ അമ്മയ്ക്കും അച്ഛനും കൈമാറിയപ്പോള്‍ അമ്പരപ്പും സന്തോഷവും ഒരുമിച്ച് വന്ന അവള് പുതിയ അമ്മയെ കെട്ടിപ്പിടിച്ച് മുഖത്തോട് മുഖം ചേര്‍ത്ത് നിന്നു. ആ നില്‍പ്പ് നീണ്ടപ്പോള്‍ കണ്ണുകള്‍ നിറഞ്ഞതും നെഞ്ചില്‍ ഒരു വിമ്മിഷ്ടം രൂപം കൊണ്ടതും അറിഞ്ഞു. തികച്ചും അപരിചിതരായവരുടെ സുരക്ഷാവലയത്തിലേക്ക് ഒതുങ്ങി നില്ക്കുമ്പോള് ആ കുഞ്ഞു മനസ്സിന്റെ വിചാരങ്ങളെന്തായിരുന്നു?
അപരിചിതരെങ്കിലും പരിചിതര്‍ – ശ്രദ്ധ കൊടുക്കുന്നവരെങ്കിലും അങ്ങിനെയല്ലാത്തവര്‍, മറ്റെവിടെയോ ആണെങ്കിലും ഞാന്‍ ഇവിടെത്തന്നെയല്ലേ? അപരിചിതരെങ്കിലും സ്നേഹം തരുന്നവര്‍? നിരന്തര സൗഹൃദം പൂക്കുന്ന സ്വര്‍ഗ്ഗത്തിലേക്ക് പോകുകയാണോ? അങ്ങിനെയൊക്കെ ആ മൂന്നര വയസ്സുകാരി വിചാരിച്ചിട്ടുണ്ടാവുമോ?
അറിയില്ലല്ലോ? ആല്‍ബര്‍ കാമുവിന്റെ സ്ട്രേയ്ഞ്ചര് എന്ന കൃതിയില്‍ പറഞ്ഞിട്ടുള്ളത് പോലെ ‘Mother died today,or may be yesterday, I can’t be sure’ എന്ന് തന്നെയായിരിക്കും ആ കുഞ്ഞു മനസ്സ് പറഞ്ഞത്!
Discussion about this post