കാസര്‍കോട്: പൊരിവെയിലത്ത് ഒരു നോക്ക് കാണാന്‍ തടിച്ചുകൂടി നിന്ന നാട്ടകാരെ കണ്ട് വാഹനം നിര്‍ത്തി കൈ കാണിച്ച് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. ഇത് കൂടി നിന്നവരിലും ആവശം നിറച്ചു. കഴിഞ്ഞ ദിവസം ഉച്ചത്തിരിഞ്ഞ് 3.23 ഓടെയാണ് സംഭവം. ബേക്കലില്‍നിന്നു പെരിയ കേന്ദ്ര സര്‍വകലാശാലയിലേക്കുള്ള രാഷ്ട്രപതിയുടെ വാഹനവ്യൂഹം ചട്ടഞ്ചാല്‍ റോഡിലേക്കു കടന്നു പോകാന്‍ കാഞ്ഞങ്ങാട്കാസര്‍കോട് സംസ്ഥാനപാത ബ്ലോക്ക് ചെയ്തിരുന്നു.
ഈ വേളയിലാണ് ഒരു നോക്ക് കാണാന്‍ ജനങ്ങളും കൂടി എത്തിയത്. കളനാട്ചട്ടഞ്ചാല് റോഡിലേക്കു കയറിയ വാഹനവ്യൂഹം പെട്ടെന്നു നിര്‍ത്തി. എന്തെങ്കിലും പ്രശ്നമുണ്ടായോ എന്ന ആശങ്ക. അകലെ നിന്ന യാത്രക്കാര്‍ക്കും പോലീസുകാര്‍ക്കും ആദ്യം കാര്യം മനസ്സിലായില്ല. സുരക്ഷാ ജീവനക്കാരന് പുറത്തിറങ്ങി രാഷ്ട്രപതിയുടെ വാഹനത്തിന്റെ വാതില്‍ തുറന്നു. രാഷ്ട്രപതി റാം നാഥ് കോവിന്ദ് പുറത്തിറങ്ങി.
വഴിയരികില്‍ സുരക്ഷാ വേലിക്കപ്പുറം കാത്തുനിന്ന നാട്ടുകാരെയും യാത്രക്കാരെയും പുഞ്ചിരിയോടെ കൈയ്യുയര്‍ത്തി അഭിവാദ്യം ചെയ്ത ശേഷമായിരുന്നു അദ്ദേഹത്തിന്റെ മടക്കം. ആളുകള്‍ ആഹ്ലാദത്താല്‍ ആര്‍പ്പു വിളിച്ചു. സമീപത്തെ കെട്ടിടങ്ങളുടെ മുകളില്‍വരെ ആളുകള്‍ നിരന്നിരുന്നു. വാഹനവ്യൂഹം കാണാന്‍ കാത്തിരുന്നവര്‍ക്ക് വലിയ ആഹ്ലാദമായി രാഷ്ട്രപതിയുടെ അഭിവാദ്യം.
രാഷ്ട്രപതി കടന്നുപോകുമെന്ന് അറിയാമെങ്കിലും ഇറങ്ങുമെന്ന് ആരും കരുതിയിരുന്നില്ല. കൂട്ടത്തില്‍ നിന്നും ഒരാളുടെ കമന്റും എത്തി. ‘നമ്മുടെ രാഷ്ട്രപതി കരുതലുള്ളയാളാണ്. വെയിലത്തു നിന്ന നമ്മളെ ഒന്നു പരിഗണിച്ചല്ലോ’ എന്നായിരുന്നു കമന്്. എല്ലാ ഭാഗത്തും കാത്തു നിന്നവരെ അഭിവാദ്യം ചെയ്ത ശേഷം ഉടന്‍ തന്നെ രാഷ്ട്രപതി ബിരുദദാന ചടങ്ങിലേക്കു യാത്ര തിരിച്ചു.
Discussion about this post