ആലപ്പുഴ: ആലപ്പുഴയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഇരട്ടക്കൊലപാതകം നടന്ന സംഭവത്തിന്റെ പശ്ചാത്തലത്തിൽ വിളിച്ചുചേർക്കുന്ന ,ർവ്വകക്ഷി യോഗത്തിൽ പങ്കെടുക്കില്ലെന്ന് ബിജെപി. രാഷ്ട്രീയ സംഘർഷങ്ങളുടേയും ഇരട്ട കൊലപാതകങ്ങളുടേയും പശ്ചാത്തലത്തിലാണ് ആലപ്പുഴയിൽ തിങ്കളാഴ്ച വൈകീട്ട് യോഗം ചേരാനിരുന്നത്.
എന്നാൽ കൊല്ലപ്പെട്ട ഒബിസി മോർച്ചാ സെക്രട്ടറി രഞ്ജിത് ശ്രീനിവാസന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചെന്നും സമയമാറ്റം അടക്കമുള്ള കാര്യങ്ങൾ അറിയിച്ചില്ലെന്നും ആരോപിച്ചാണ് ബിജെപി യോഗം ബഹിഷ്കരിക്കുന്നത്.
മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത് വിട്ടുനൽകുന്നത് മനഃപൂർവ്വം വൈകിപ്പിച്ചെന്ന് ബിജെപി ജില്ലാ അധ്യക്ഷൻ എംവി ഗോപകുമാർ ആരോപിച്ചു. ആർടിപിസിആർ പരിശോധനയും ഇൻക്വസ്റ്റ് നടപടികളും വൈകിയതോടെ ഞായറാഴ്ച പോസ്റ്റുമോർട്ടം നടന്നില്ല. തിങ്കളാഴ്ചയാണ് നടത്തിയതെന്നും ഇത് ബോധപൂർവ്വമാണെന്നും ബിജെപി ആരോപിച്ചു.
‘സമാധാന അന്തരീക്ഷം സൃഷ്ടിക്കുന്നതിന് എതിരല്ല. പക്ഷേ രഞ്ജിത്ത് ശ്രീനിവാസന്റെ മൃതദേഹത്തോട് കാണിച്ച അനാദരവ് സഹിക്കാൻ സാധിക്കുന്നതല്ല. പോലീസും സർക്കാരും ഒരുപോലെ അവഗണനയാണ് കാണിക്കുന്നത്. അതേസമയം തന്നെ എസ്ഡിപിഐക്കും തീവ്രവാദ ശക്തികൾക്കും വേണ്ട എല്ലാ പരിഗണനയും നൽകുന്നുമുണ്ട്. സർവ്വകക്ഷി യോഗം അഞ്ചു മണിയിലേക്ക് മാറ്റിയത് ഞങ്ങളോട് ആരും സംസാരിച്ചിട്ടില്ല. രഞ്ജിത്തിന്റെ മൃതദേഹം എപ്പോൾ വിട്ടുകിട്ടുമെന്നോ ചടങ്ങുകൾ എപ്പോൾ കഴിയുമെന്നോ അറിയില്ല. അതുകൊണ്ട് സർവ്വകക്ഷി യോഗത്തിൽ പങ്കെടുക്കാൻ സാധിക്കില്ല’ – ബിജെപി ആലപ്പുഴ ജില്ലാ അധ്യക്ഷൻ പറഞ്ഞു.
ഇതിനിടെ, ബിജെപി നേതാക്കളുടെ സൗകര്യം കൂടി കണക്കിലെടുത്താണ് യോഗം അഞ്ചു മണിയിലേക്ക് മാറ്റിയതെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു. തിങ്കളാഴ്ച മൂന്ന് മണിക്ക് കളക്ട്രേറ്റിൽ സർവ്വ കക്ഷിയോഗം ചേരുമെന്നാണ് കളക്ടർ എഅലക്സാണ്ടർ കഴിഞ്ഞദിവസം അറിയിച്ചിരുന്നത്. മന്ത്രിമാരായ സജി ചെറിയാൻ, പി പ്രസാദ് എന്നിവരുടെ സാന്നിധ്യത്തിലാകും യോഗം.
Discussion about this post