മുംബൈ: അന്ധേരിയിലെ പ്രശസ്തമായ ബാറില്‍ നടത്തിയ പരിശോധനയില്‍ 17 യുവതികളെ കണ്ടെത്തി. അന്ധേരിയിലെ ദീപാ ഡാന്‍സ് ബാറില്‍ നടത്തിയ പരിശോധനയിലാണ് മേക്കപ്പ് റൂമിനോട് ചേര്‍ന്ന രഹസ്യ അറയില്‍ നിന്നും യുവതികളെ കണ്ടെത്തിയത്. സംഭവത്തില്‍ ബാര്‍ ജീവനക്കാരെയും യുവതികളെയും പോലീസ് അറസ്റ്റ് ചെയ്തു.
”ദീപാ ബാറില്‍ യുവതികളെ ഉപഭോക്താക്കള്‍ക്ക് മുന്നില്‍ നൃത്തം ചെയ്യിപ്പിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് സ്ഥലത്തെത്തിയത്. എന്നാല്‍ ബാര്‍ മുഴുവന്‍ പരിശോധന നടത്തിയെങ്കിലും യുവതികളെ കണ്ടെത്തിയില്ല. ജീവനക്കാരെയും വിശദമായി ചോദ്യം ചെയ്തെങ്കിലും യുവതികളെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭിച്ചില്ല.
ഇതിനിടെ മേക്കപ്പ് റൂമില്‍ അസാധാരണമായ രീതിയില്‍ ചുവരില്‍ ഘടിപ്പിച്ച വലിയ കണ്ണാടി ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടു. ഗ്ലാസ് എടുത്തുമാറ്റി പരിശോധന നടത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് ഗ്ലാസ് പൊട്ടിച്ചു നടത്തിയ പരിശോധനയിലാണ് രഹസ്യ അറയിലേക്കുള്ള വഴി കണ്ടെത്തിയത്.
ഈ പരിശോധനയിലാണ് യുവതികളെ കണ്ടെത്തിയത്. രഹസ്യ അറയില്‍ എസിയും കിടക്കയുമടക്കമുള്ള ആധുനിക സൗകര്യങ്ങളാണ് ബാര്‍ അധികൃതര്‍ ഇവര്‍ക്കായി ഒരുക്കിവച്ചിരുന്നത്-‘ പോലീസ് പറയുന്നു.
പരിശോധനയുടെ വിവരം അറിഞ്ഞതോടെ ജീവനക്കാര്‍ യുവതികളെ ഈ രഹസ്യമുറിയിലേക്ക് മാറ്റുകയായിരുന്നെന്നും പോലീസ് അറിയിച്ചു.
Discussion about this post