കൊച്ചി: സപ്ലൈകോ വിൽപനശാലകൾ ഡിജിറ്റൽ പേയ്മെന്റ് സംവിധാനത്തിലേക്ക് മാറുന്നു. ഇതിന്റെ ഭാഗമായി സേവനദാതാക്കളിൽനിന്ന് താത്പര്യപത്രം ക്ഷണിച്ചു. സപ്ലൈകോയുടെ വെബ്സൈറ്റ് വഴി (supplycokerala.com) അപേക്ഷിക്കാം. 500ലധികം വരുന്ന സപ്ലൈകോ ഔട്ട്ലെറ്റുകളിലാണ് ആദ്യഘട്ടത്തിൽ ഡിജിറ്റൽ പേയ്മെന്റ് സംവിധാനം നടപ്പാക്കുന്നത്. പൊതുജനങ്ങളുടെ പ്രതികരണമറിഞ്ഞതിന് ശേഷം രണ്ടാം ഘട്ടത്തിൽ ആയിരം ഔട്ട്ലെറ്റുകളിലേക്ക് സംവിധാനം നീട്ടും.
മുന്നോട്ടുവരുന്ന സേവനദാതാക്കൾ ഉപഭോക്താക്കളിൽ നിന്നും സേവനചാർജായി പ്രത്യേക തുക ഈടാക്കാതേയോ അല്ലെങ്കിൽ കുറഞ്ഞ തുക ഈടാക്കിയോ മാത്രമായിരിക്കും പ്രവർത്തിക്കുക. കൈമാറ്റം ചെയ്യുന്ന മുഴുവൻ തുകയും സപ്ലൈകോയ്ക്ക് നൽകുന്ന രീതിയിലായിരിക്കും പ്രവർത്തനം.
സപ്ലൈകോ നിർദേശങ്ങൾ പാലിക്കുന്ന കമ്പനികൾക്ക് ഡിജിറ്റൽ പേയ്മെന്റിനായി താത്പര്യ പത്രം സമർപ്പിക്കാം.
സപ്ലൈകോ നിർദേശങ്ങളിൽ പ്രധാനപ്പെട്ടവ ഇവ:
-ദിവസ വരുമാനം അതാത് ദിവസങ്ങളിൽ തന്നെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കണം.
-ഡിജിറ്റൽ പേയ്മെന്റ് സംവിധാനം ഏർപ്പെടുത്താനുള്ള ഉപകരണങ്ങൾ ആവശ്യമെങ്കിൽ സൗജന്യമായി കമ്പനികൾ തന്നെ സ്ഥാപിക്കണം.
-ട്രാൻസാക്ഷന്റെ വിജയകരമായ നടത്തിപ്പ് സംബന്ധിച്ച വിവരങ്ങൾ ഷോപ്പ് മാനേജർക്ക് ലഭ്യമാകണം.
– ഔട്ട്ലെറ്റുകളിൽ മൊബൈൽ ഫോണുകൾ ലഭ്യമല്ല. എങ്കിലും കമ്പ്യൂട്ടറും ഇന്റർനെറ്റ് സേവനവും ലഭ്യമാക്കും.
ഇപ്പോഴുള്ള മാതൃകകൾ കൂടാതെ പുതിയ മോഡലുകളും കമ്പനികൾക്ക് സമർപ്പിക്കാവുന്നതാണ്. താൽപര്യപത്രം ഡിസംബർ 20ന് മുമ്പായി സമർപ്പിച്ചിരിക്കണം. ഇതിൽ ടെക്നിക്കലായ വിവരങ്ങളും പണം ഔട്ട്ലെറ്റ് അക്കൗണ്ടിൽ ലഭ്യമാകുന്ന ഇടവേളയും കൃത്യമായി പരാമർശിച്ചിരിക്കണമെന്നും സപ്ലൈകോ അറിയിക്കുന്നു.
അതേസമയം, സപ്ലൈകോ ഔട്ട്ലെറ്റുകൾ വഴിയുള്ള ഓൺലൈൻ വിൽപനയും ഹോം ഡെലിവെറിയും നാല് ഘട്ടമായി നടപ്പിലാക്കാനുള്ള പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. പദ്ധതിയുടെ ആദ്യ ഘട്ടം ‘സപ്ലൈ കേരള’ തൃശൂർ കോർപ്പറേഷനിൽ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജിആർ അനിൽ ഉദ്ഘാടനം ചെയ്തു. ജനുവരിയിൽ സംസ്ഥാനത്തെ 6 കോർപ്പറേഷനുകളിലും ഫെബ്രുവരിയിൽ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും, മാർച്ച് 31 ന് മുൻപായി സംസ്ഥാനത്തെ എല്ലാ സപ്ലൈകോ ഔട്ലെറ്റുകളിലും ഓൺലൈൻ വ്യാപാരം നടപ്പിലാക്കും.
Discussion about this post