കോഴിക്കോട്: പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെതിരെ നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന് കല്ലായി. വ്യക്തിജീവിതത്തിലെ മതപരമായ കാഴ്ച്ചപ്പാടാണ് താന്‍ പ്രസംഗത്തില്‍ സൂചിപ്പിക്കാന്‍ ശ്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ആരെയും വ്യക്തിപരമായോ കുടുംബപരമായോ വേദനിപ്പിക്കാന്‍ ലക്ഷ്യം വെച്ചായിരുന്നില്ല പ്രസംഗമെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. അങ്ങനെ സംഭവിച്ചതില്‍ അതിയായ ദു:ഖമുണ്ടെന്നും പ്രസ്തുത പരാമര്‍ശത്തില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നും കല്ലായി വ്യക്തമാക്കി.
റിയാസിന്റേത് വിവാഹമല്ല, വ്യഭിചാരമാണെന്നായിരുന്നു അബ്ദുറഹ്മാന് പ്രസംഗത്തില്‍ പറഞ്ഞത്. ‘മുന്‍ ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് പുതിയാപ്ലയാണ്. എന്റെ നാട്ടിലെ പുതിയാപ്ലയാണ്. ആരാടോ ഭാര്യ… ഇത് വിവാഹമാണോ. വ്യഭിചാരമാണ്. സിനയാണത് (അറബി പദം). അത് പറയാന്‍ തന്റേടം വേണം. സി.എച്ച്. മുഹമ്മദ് കോയയുടെ നട്ടെല്ല് നമ്മള് ഉപയോഗിക്കണം,’ അബ്ദുറഹ്മാന് കല്ലായി പറഞ്ഞു.
സ്വവര്‍ഗരതിക്ക് നിയമ പ്രാബല്യം കൊണ്ടുവരണമെന്ന് പറയുന്നവരാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍. അവരുടെ പ്രകടന പത്രികയില്‍ അതിനെക്കുറിച്ച് പറയുന്നുണ്ട്. ഉഭയകക്ഷി സമ്മതപ്രകാരം ലൈംഗിക സ്വാതന്ത്ര്യത്തിനുള്ള ‘വിഡ്ഢിത്തം’ സുപ്രീം കോടതി പ്രഖ്യാപിച്ചപ്പോള്‍ അതിനെ ആദ്യം സ്വാഗതം ചെയ്തത് ഡി.വൈ.എഫ്.ഐയാണെന്ന് കമ്മ്യൂണിസ്റ്റുകാരെ പിന്തുണക്കുന്നവര്‍ ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇ.എം.എസും എ.കെ.ജിയും ഇല്ലാത്ത സ്വര്‍ഗം ഞങ്ങള്‍ക്ക് വേണ്ട എന്ന് പറയുന്നവരെ കണ്ടിട്ടുണ്ട്. അങ്ങനെ പറയുന്നവര്‍ കാഫിറുകളാണ്. ലീഗ് എന്നും സമുദായത്തിനൊപ്പം നിന്ന പാര്‍ട്ടിയാണ്. ആയിരം പിണറായി വിജയന്മാര് ഒരുമിച്ച് ശ്രമിച്ചാലും മുസ്ലിം ലീഗിന്റെ അഭിമാനം നശിപ്പിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
”മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി ഇന്നലെ സംഘടിപ്പിച്ച വഖഫ് സംരക്ഷണ റാലിയിലെ പ്രസംഗത്തില്‍ മുന്‍ ഡിവൈ.എഫ്.ഐ നേതാവിനെ കുറിച്ചുള്ള എന്റെ പരാമര്‍ശം വിവാദമായത് ശ്രദ്ധയില്‍പെട്ടു. വ്യക്തി ജീവിതത്തിലെ മതപരമായ കാഴ്ചപ്പാടാണ് ഞാന്‍ പ്രസംഗത്തില്‍ സൂചിപ്പിക്കാന്‍ ഉദ്ദേശിച്ചത്. അത് ആരെയും വ്യക്തിപരമായോ കുടുംബപരമായോ വേദനിപ്പിക്കാന്‍ ലക്ഷ്യം വെച്ചായിരുന്നില്ല. അങ്ങനെ സംഭവിച്ചതില്‍ എനിക്ക് അതിയായ ദുഖമുണ്ട്. പ്രസ്തുത പരാമര്‍ശത്തില്‍ ഞാന്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു.”
സംഭവം വിവാദമാവുകയും നിരവധി പേര് ഇതിനെതിരെ രംഗത്തുവരികയും ചെയ്തു. എ.കെ.ജി ഇല്ലാത്ത സ്വര്‍ഗം വേണ്ട എന്ന് പറയുന്ന മുസ്ലിംകള് കാഫിര്‍ ആണെന്ന് പറഞ്ഞ അബ്ദുറഹ്മാന് കല്ലായിയുടെ കല്ലായി പ്രസംഗത്തിനിടെ ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കെതിരെയും അധിക്ഷേപ വാക്കുകള്‍ ചൊരിയുന്നുണ്ട്.
Discussion about this post