ലഖ്‌നൗ : കൂനൂരില്‍ ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ മരിച്ച പൈലറ്റ് പൃഥ്വി സിങ് ചൗഹാന്റെ വിയോഗത്തില്‍ വിതുമ്പലടക്കാനാകാതെ കുടുംബം. ആഗ്രയിലെ വീട്ടില്‍ ചൊവ്വാഴ്ച രാത്രി മകന്‍ വിളിച്ചതിന്റെ ഓര്‍മയിലാണ് മാതാവ് സുശീല ചൗഹാന്‍.
ഫോണ്‍ വിളിക്കുമ്പോള്‍ സുശീല ഓര്‍ത്തിരുന്നില്ല താനിനി ഒരിക്കലും മകന്റെ ശബ്ദം കേള്‍ക്കില്ല എന്ന്. മണിക്കൂറുകള്‍ക്ക് ശേഷം പൃഥ്വിയുടെ മരണവാര്‍ത്ത കുടുംബത്തെ തേടിയെത്തുകയും ചെയ്തു. “ടിവി ഓണാക്കിയെങ്കിലും ഞാന്‍ മയങ്ങിപ്പോയി. പിന്നീട് മകന്റെ ഭാര്യാ പിതാവ് വിളിച്ച് പറയുമ്പോഴാണ് വിവരമറിയുന്നത്.” സുശീല പറഞ്ഞു.
സുശീല-സുരേന്ദ്ര സിംഗ് ദമ്പതികളുടെ അഞ്ച് മക്കളില്‍ ഇളയവനായിരുന്നു പൃഥ്വി. സഹോദരിമാരുടെ പ്രിയപ്പെട്ട അനുജന്‍. രക്ഷാബന്ധനാണ് അനുജനെ അവസാനമായി കണ്ടതെന്ന് സഹോദരി മിനാ സിങ് ഓര്‍ക്കുന്നു. സഹോദരിമാരെ ജീവന് തുല്യം സ്‌നേഹിച്ചിരുന്ന പൃഥ്വി അവര്‍ എന്ത് ആവശ്യപ്പെട്ടാലും അത് നടത്തിക്കൊടുക്കുന്നതില്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഭാര്യയും പന്ത്രണ്ടും ഒമ്പതും വയസ്സുള്ള രണ്ട് മക്കളുമാണ് ചൗഹാനുള്ളത്.
എല്ലാവരോടും സ്‌നേഹത്തോടെ മാത്രം പെരുമാറിയിരുന്ന പൃഥ്വിയുടെ വിയോഗം ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല ഇവര്‍ക്കാര്‍ക്കും. ടിവിയില്‍ വാര്‍ത്ത കാണുന്നതിനിടെയാണ് പിതാവ് സുരേന്ദ്ര സിംഗ് മകന്റെ വിയോഗം അറിയുന്നത്. അതിന്റെ ഞെട്ടലിലാണ് ഇപ്പോഴും അദ്ദേഹം.സൈനിക് സ്‌കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം 2000ത്തിലാണ് പൃഥ്വി വ്യോമസേനയില്‍ ചേരുന്നത്.
Discussion about this post