ഗിറ്റേഗ : കിഴക്കന്‍ ആഫ്രിക്കയിലെ ബറുണ്ടിയില്‍ ജയിലിലുണ്ടായ തീപിടുത്തത്തില്‍ 38 മരണം. ഇന്നലെ പുലര്‍ച്ചെയോടെയാണ് തീപിടുത്തമുണ്ടായത്.സംഭവം നടക്കുന്ന സമയം ഭൂരിഭാഗം ആളുകളും ഉറക്കത്തിലായിരുന്നു.
വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് ആഭ്യന്തര മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു. തീ വളരെ ഉയരുന്നത് കണ്ട് പൂട്ട് തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അനുമതി ഇല്ലാത്തതിനാല്‍ തുറക്കാന്‍ കഴിയില്ല എന്ന് പോലീസ് അറിയിച്ചതായി രക്ഷപെട്ട തടവുകാരില്‍ ഒരാള്‍ പറഞ്ഞു. സംഭവത്തില്‍ 69 പേര്‍ക്ക് പരിക്കേറ്റിറ്റുണ്ട്.
ഗുരുതരമായി പൊള്ളലേറ്റവരെ മാത്രമാണ് ആശുപത്രിയില്‍ എത്തിച്ചിരിക്കുന്നത്. മറ്റുള്ളവരെ സംഭവസ്ഥലത്ത് തന്നെ ചികിത്സിച്ചുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പൊള്ളലേറ്റവരെ പരിചരിക്കാന്‍ ബറുണ്ടിയിലെ റെഡ് ക്രോസില്‍ നിന്നുള്ള ടീമുകള്‍ സ്ഥലത്തുണ്ടായിരുന്നു. തീ നിയന്ത്രണവിധേയമായതായാണ് റിപ്പോര്‍ട്ടുകള്‍.
നൂറ് വര്‍ഷത്തോളം പഴക്കമുള്ളമുള്ളതും ബറുണ്ടിയിലെ മൂന്നാമത്തെ വലുതുമായ ജയിലാണ് കത്തിനശിച്ചത്. പലപ്പോഴും ആളുകളെ കുത്തിനിറച്ചാണ് ബറുണ്ടിയില്‍ ജയിലുകളുടെ പ്രവര്‍ത്തനം. 4200 പേരെ പാര്‍പ്പിക്കാവുന്ന ജയിലില്‍ 12400 പേരെ വരെയാണ് ഭരണകൂടം താമസിപ്പിക്കുന്നത്. നവംബര്‍ അവസാനത്തോടെ ഇവിടെ 1500ലധികം തടവുകാര്‍ ഉണ്ടായിരുന്നുവെന്നാണ് ജയില്‍ അതോറിറ്റിയുടെ കണക്കുകള്‍.
പോലീസിന്റെയും സൈനികരുടെയും ഒരു വലിയ സംഘം സംഭവസ്ഥലം വളയുകയും ചിത്രങ്ങളെടുക്കുന്നതില്‍ നിന്നും മാധ്യമപ്രവര്‍ത്തകരെ തടയുകയും ചെയ്തതായി ദൃക്സാക്ഷികള്‍ പറഞ്ഞു. മുമ്പും ഇതേ ജയിലില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിനെത്തുടര്‍ന്ന് തീപിടുത്തമുണ്ടായിട്ടുണ്ട്.
Discussion about this post