ന്യൂഡല്‍ഹി: ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്‍നിര പോരാളികള്‍ക്കും വാക്സിന് ബൂസ്റ്റര്‍ ഡോസ് നല്‍കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്.
ഒമിക്രോണ്‍ ഭീതിയുടെ പശ്ചാത്തലത്തിലാണ് ഐഎംഎയുടെ നിര്‍ദേശം. ബൂസ്റ്റര്‍ ഡോസ് നല്കുമ്പോള് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പ്രതിരോധ ശേഷി കുറഞ്ഞവര്‍ക്കും വാക്സിന് നല്‍കണമെന്ന് ഐഎംഎ ദേശീയ അധ്യക്ഷന്‍ ജയലാല്‍ ആവശ്യപ്പെട്ടു.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമായി മുന്നോട്ടു കൊണ്ടുപോകാനും പുതിയ വകഭേദത്തെ പ്രതിരോധിക്കാനും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് നന്നായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
കോവിഡ് വ്യാപിക്കാതിരിക്കാന്‍ ജനക്കൂട്ടം ഒഴിവാക്കാനുള്ള ശ്രമം വേണം. പുതിയ വകഭേദത്തിന്റെ വ്യാപനശേഷി സംബന്ധിച്ച് വ്യക്തതയില്ല. അതുകൊണ്ടുതന്നെ കൃത്യമായ മുന്നൊരുക്കം ആവശ്യമാണെന്നും ഐഎംഎ മുന്നറിയിപ്പ് നല്കുന്നു.
നീറ്റ് പിജി കൗണ്‍സിലിങ് വൈകുന്നതിലുള്ള ആശങ്കയും ഐഎംഎ പങ്കുവെക്കുന്നു. കോവിഡ് പ്രതിരോധത്തില്‍ മാനവശേഷിയുടെ കാര്യമായ കുറവുണ്ട്. അത് പരിഹരിക്കാന്‍ കൗണ്‍സിലിങ് വേഗത്തിലാക്കണം. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്നും ഐഎംഎ ആവശ്യപ്പെടുന്നു.
Discussion about this post