ന്യൂഡല്‍ഹി : ഡല്‍ഹി-എന്‍സിആര്‍ വായുമലിനീകരണത്തിന് കാരണം പാക്സിതാനില്‍ നിന്നുള്ള വിഷമയമായ കാറ്റാണെന്ന് വാദിച്ച അഭിഭാഷകനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. പാകിസ്താനിലെ വ്യവസായശാലകള്‍ നിരോധിക്കണമെന്നാണോ ആവശ്യപ്പെടുന്നതെന്ന് യുപി സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന് രഞ്ജിത് കുമാറിനോട് ചീഫ് ജസ്റ്റിസ് എന്‍ വി രമണ ചോദിച്ചു.
രാജ്യതലസ്ഥാനത്തെയും പരിസരപ്രദേശത്തെയും വായുമലിനീകരണത്തില്‍ ഉത്തര്‍ പ്രദേശിലെ വ്യവസായശാലകള്‍ക്ക് പങ്കില്ലെന്നും അവിടെയുള്ള വ്യവസായശാലകള്‍ക്ക് സമീപം കാറ്റ് വീശുന്നത് താഴോട്ടാണെന്നും അതുകൊണ്ട് മലിനമായ വായു ഡല്‍ഹിയിലേക്ക് പോകില്ലെന്നുമായിരുന്നു രഞ്ജിത്തിന്റെ വാദം. വ്യവസായശാലകള്‍ അടച്ചുപൂട്ടുന്നതിനെയും യുപി സര്‍ക്കാര്‍ എതിര്‍ത്തു. ഡല്‍ഹിയിലേയും സമീപ പ്രദേശങ്ങളിലെയും വ്യവസായശാലകള്‍ എട്ട് മണിക്കൂര്‍ മാത്രമേ തുറക്കാന്‍ അനുവദിക്കൂ എന്ന എയര്‍ ക്വാളിറ്റി മാനേജ്മെന്റ് കമ്മിഷന്റെ തീരുമാനം പഞ്ചസാര, ക്ഷീര വ്യവസായങ്ങളെ ബാധിക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം സംബന്ധിച്ച് വിദ്യാര്‍ഥിയായ ആദിത്യ ദുബേ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയായിരുന്നു കോടതിയുടെ വിമര്‍ശനം. നിലവില്‍ 405 ആണ് ഡല്‍ഹിയിലെ വായു മലിനീകരണ സൂചിക. മലിനീകരണം രൂക്ഷമായതിനെത്തുടര്‍ന്ന് ഡല്‍ഹിയില്‍ സ്കൂളുകളെല്ലാം അടച്ചിരിക്കുകയാണ്.
Discussion about this post