തിരുവനന്തപുരം: നിയമ പഠനം പൂർത്തിയാക്കിയത് മകൾക്കൊപ്പം, ഇനി ഈ അമ്മയും മകളും കോടതിയിൽ വാദിക്കാനും ഒരുമിച്ചിറങ്ങും. ഇതുവരെ വീട്ടമ്മയായിരുന്ന മറിയം മാത്യുവാണ് വക്കീൽ കോട്ടണിഞ്ഞ് ഇനിമുതൽ മകൾ സാറാ എലിസബത്ത് മാത്യുവിനൊപ്പം വഞ്ചിയൂർ കോടതിയിൽ വാദിക്കാനെത്തുക.
ഒമാനിൽ ജോലിചെയ്യുന്ന പത്തനംതിട്ട കൈപ്പട്ടൂർ പള്ളിക്ക വീട്ടിൽ അഡ്വ. മാത്യു പി.തോമസിന്റെ ഭാര്യയാണ് മറിയം മാത്യു. മാവേലിക്കര ബിഷപ് മൂർ കോളജിൽനിന്ന് ബിരുദ പഠനം പൂർത്തിയാക്കിയ മറിയം വിവാഹശേഷം വീട്ടമ്മയായി കഴിയുകയായിരുന്നു.
പിന്നീട് കഴിഞ്ഞ മൂന്ന് വർഷം മകൾക്കൊപ്പം തിരുവനന്തപുരം ഗവ.ലോ കോളജിൽ റെഗുലർ ബാച്ചിലെ ക്ലാസിനെത്തിയായിരുന്നു മറിയത്തിന്റെ പഠനം. മകൾ പഞ്ചവത്സര എൽഎൽബിയാണ് പഠിച്ചിറങ്ങിയത്. കഴിഞ്ഞദിവസം ഹൈകോടതിയിൽ നടന്ന ഓഫ്ലൈൻ ചടങ്ങിലാണ് ഇവർ എൻറോൾ ചെയ്തത്.
മക്കളുടെ പഠനാർത്ഥമായി കുടുംബം കഴിഞ്ഞ രണ്ട് ദശാബ്ദമായി തിരുവനന്തപുരം മണ്ണന്തലയിലാണ് താമസിക്കുന്നത്. മകൻ തോമസ് പി മാത്യു ബാംഗളൂരുവിൽ ബിബിഎ അവസാനവർഷ വിദ്യാർത്ഥിയാണ്. 2016ൽ പ്ലസ് ടു കഴിഞ്ഞ മകൾ സാറാ എലിസബത്ത് ആ വർഷം തന്നെ തിരുവനന്തപുരം ഗവ.ലോ കോളജിൽ പഞ്ചവത്സര എൽഎൽബി കോഴ്സിന് ചേർന്നു.
പിന്നീട് പ്ലസ്ടു പഠനം പൂർത്തിയാക്കി മകൻ ബംഗളൂരുവിൽ ബിബിഎയ്ക്ക് ചേർന്നതോടെ ഫ്ളാറ്റിൽ തനിച്ചായ അമ്മയെ മകളാണ് എൽഎൽബിക്ക് ചേരാൻ നിർബന്ധിച്ചത്. ഭർത്താവിന്റെ പിന്തുണകൂടി ആയതോടെ മറിയം മറ്റൊന്നും ആലോചിച്ചില്ല. മകൾക്കൊപ്പം തന്നെ പഠിക്കാൻ തീരുമാനിച്ചു.
മകൾ പഠിക്കുന്ന തിരുവനന്തപുരം ഗവ.ലോ കോളജിൽതന്നെ എൻട്രൻസ് എഴുതി പാസായി. 2018ൽ ത്രിവത്സര എൽഎൽബിക്ക് ചേർന്നു. അമ്മയും മകളും ഒന്നിച്ചാണ് കോളേജിൽ പോയതും പഠിച്ചതും പരീക്ഷ പാസായതും. വക്കീലന്മാർ ധാരാളമുള്ള കുടുംബത്തിൽ അമ്മയും മകളും ഒരേദിവസം സന്നതെടുത്തത് ഇതാദ്യമാണെന്നും ചൂണ്ടിക്കാട്ടുന്നു. തിരുവനന്തപുരത്തുതന്നെ പ്രാക്ടീസ് ചെയ്യുമെന്ന് ഇരുവരും പറയുന്നു.
Discussion about this post