തിരുവനന്തപുരം: യുവാവിനെ മർദിച്ച കേസിൽ പിടികൂടിയ പ്രതിയെ സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ച സംഭവത്തിൽ തിരുവനന്തപുരം മംഗലപുരം എസ്ഐയ്ക്ക് സസ്പെൻഷൻ. എസ്ഐ വിതുളസീധരൻ നായരെയാണ് സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തത്. കേസെടുക്കാൻ വൈകിയതും ദുർബല വകുപ്പുകൾ ചുമത്തിയതും എസ്ഐയുടെ വീഴ്ചയാണെന്ന് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയതോടെയാണ് നടപടിയുണ്ടായത്.
കേസിൽ പ്രധാന പ്രതിയായ ഫൈസലിനെ കേസിൽ അറസ്റ്റ് ചെയ്തെങ്കിലും നിസാരവകുപ്പുകൾ ചുമത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതോടെയാണ് നടപടി. ഇതോടൊപ്പം എസ്ഐയ്ക്കെതിരേ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടുണ്ട്. എസ്ഐയ്ക്കെതിരേ ഉയർന്ന ആരോപണവുമായി ബന്ധപ്പെട്ട് ഡിഐജിയും റൂറൽ എസ്പിയും മംഗലപുരം സ്റ്റേഷനിലെത്തി അന്വേഷണവും നടത്തി.
ഇതിനുപിന്നാലെയാണ് തിരുവനന്തപുരം റെയ്ഞ്ച് ഡിഐജി സഞ്ജയ് കുമാർ ഗുരുഡിൻ എസ്ഐയെ സസ്പെൻഡ് ചെയ്ത് ഉത്തരവിട്ടത്. സംഭവത്തിൽ ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ വകുപ്പുതല അന്വേഷണം നടത്തണമെന്നും ഉത്തരവിട്ടിട്ടുണ്ട്.
ദിവസങ്ങൾക്ക് മുമ്പാണ് കണിയാപുരം സ്വദേശി അനസിന് നടുറോഡിൽ വെച്ച് ക്രൂരമായി മർദനമേറ്റത്. ബൈക്കിൽ പോകുമ്പോൾ അക്രമികൾ തടഞ്ഞുവെച്ച് മർദിക്കുകയായിരുന്നു. സംഭവത്തിൽ പരാതി നൽകിയെങ്കിലും പോലീസ് ആദ്യം കേസെടുത്തിരുന്നില്ല. സംഭവം നടന്ന പ്രദേശത്തിന്റെ സ്റ്റേഷൻ അതിർത്തി പ്രശ്നം പറഞ്ഞാണ് കഠിനംകുളം പോലീസും മംഗലപുരം പോലീസും ഉരുണ്ടുകളിച്ചത്. മർദ്ദിക്കുന്ന ദൃശ്യങ്ങളും വാർത്തയും ചർച്ചയായതോടെയാണ് ഒടുവിൽ മംഗലപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
Discussion about this post