ന്യൂഡല്‍ഹി : രാജ്യത്ത് 5ജി സേവനം അടുത്ത വര്‍ഷം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് തുടങ്ങിയേക്കുമെന്ന് സൂചന. ടെലികോം സേവനദാതാക്കളുമായി ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ചര്‍ച്ച തുടങ്ങി.
സ്‌പെക്ട്രം ലേലം ഏപ്രില്‍-മെയ് മാസങ്ങളിലാകും നടക്കുക. സാങ്കേതിക സൗകര്യങ്ങളൊരുക്കി സേവനം ലഭ്യമാക്കാന്‍ നാല് മാസത്തെ സമയം കമ്പനികള്‍ക്ക് നല്‍കാനാണ് ഉദ്ദേശിക്കുന്നത്. ആദ്യഘട്ടത്തില്‍ രാജ്യത്തെ തിരഞ്ഞെടുത്ത നഗരങ്ങളിലാകും സേവനം ലഭ്യമാകുക. ഉപകരണങ്ങളും മറ്റും ഇന്ത്യയില്‍ എത്തിയാല്‍ നെറ്റ് വര്‍ക്ക് വിന്യസിക്കാന്‍ 4-6 ആഴ്ചയെങ്കിലും വേണ്ടി വരുമെന്നാണ് കമ്പനികള്‍ അറിയിച്ചിട്ടുള്ളത്.
ഏതൊക്കെ സര്‍ക്കിളുകളിലും നഗരങ്ങളിലുമാണ് 5ജി സേവനം ലഭ്യമാക്കേണ്ടതെന്ന കാര്യത്തില്‍ 2021 ജനുവരിയോടെ കമ്പനികളുമായി കരാറിലെത്തേണ്ടതുണ്ട്. അതിനുശേഷം മാത്രമേ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ കഴിയൂ. നിലവിലെ ചിപ്പ് ക്ഷാമം പദ്ധതിയെ ദോഷകരമായി ബാധിച്ചേക്കാമെന്ന ആശങ്കയും കമ്പനികള്‍ പ്രകടിപ്പിച്ചിട്ടുണ്ട്.
അതേസമയം ടെലികോം കമ്പനികള്‍ രാജ്യത്തെ വിവിധയിടങ്ങളില്‍ 5ജി പരീക്ഷണം ഇതിനകം നടത്തിക്കഴിഞ്ഞു. നോക്കിയയുടെ സഹകരണത്തോടെ ഭാരതി എയര്‍ടെല്‍ കൊല്‍ക്കത്തയില്‍ കഴിഞ്ഞ ദിവസം വിജയകരമായി പരീക്ഷണം പൂര്‍ത്തിയാക്കിയിരുന്നു. എറിക്‌സണുമായി ചേര്‍ന്ന് വോഡഫോണ്‍ ഐഡിയ പൂണെയില്‍ ഉടന്‍ തന്നെ പരീക്ഷണം തുടങ്ങിയേക്കും.
Discussion about this post