ആറ്റിങ്ങൽ: കെഎസ്ആർടിസിയിലെ വനിതാജീവനക്കാർ ഉൾപ്പടെയുള്ളവർ അംഗങ്ങളായ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ വസ്ത്രംമാറുന്ന ദൃശ്യങ്ങൾ സ്വയം ചിത്രീകരിച്ച് അയച്ച ഡ്രൈവറെ സസ്പെൻഡ് ചെയ്തു. കെഎസ്ആർടിസി ആറ്റിങ്ങൽ ഡിപ്പോയിലെ ഡ്രൈവർ എം സാബുവിനെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. ഇയാൾ വർക്കിങ് അറേഞ്ച്‌മെന്റ് വ്യവസ്ഥയിൽ തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ ജോലിചെയ്ത് വരികയായിരുന്നു.
സാബു വീട്ടിൽവെച്ച് അടിവസ്ത്രം ധരിക്കുന്നത് ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങൾ 35 വനിതാജീവനക്കാരടങ്ങുന്ന അംഗീകൃത സംഘടനയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ പ്രദർശിപ്പിച്ചതായാണ് പരാതി ഉയർന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ നെടുമങ്ങാട് ഇൻസ്പെക്ടർ ബി ഗിരീഷ് സംഭവം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിച്ചു.
അന്വേഷണത്തിൽ പല ജീവനക്കാരുടെയും മക്കൾ ഓൺലൈൻ ക്ലാസുകൾക്കുപയോഗിക്കുന്ന ഫോണിൽ ദൃശ്യങ്ങൾ പ്രചരിച്ചത് കുടുംബങ്ങളിൽ അവമതിപ്പുണ്ടാകുന്നതിനിടയാക്കിയെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഡ്രൈവറുടെ പ്രവൃത്തി അച്ചടക്കലംഘനവും ഗുരുതരമായ സ്വഭാവദൂഷ്യവുമാണെന്ന് ഗവ. അഡീഷണൽ സെക്രട്ടറി മുഹമ്മദ് അൻസാരിയുടെ ഉത്തരവിൽ ചൂണ്ടിക്കാട്ടി. ഇതോടെയാണ് ഇയാൾക്ക് നേരെ നടപടിയുണ്ടായത്.
Discussion about this post