ന്യൂഡൽഹി: നഷ്ടത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ ടെലികോം കമ്പനികളായ ബിഎസ്എൻഎല്ലിന്റെയും എംടിഎൻഎല്ലിന്റെയും ആസ്തികൾ വിറ്റഴിക്കുന്നു. തറ വിലയായി 970 കോടി രൂപ നിശ്ചയിച്ചിരിക്കുന്ന ആസ്തികളാണ് കേന്ദ്രം വിൽപനയ്ക്ക് വയ്ക്കുന്നത്. 2019 ഒക്ടോബറിൽ സർക്കാർ അംഗീകരിച്ച ബിഎസ്എൻഎൽ, എംടിഎൻഎൽ എന്നിവയുടെ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമാണ് അസറ്റ് വിൽപനയിലൂടെയുള്ള ധനസമ്പാദനം. 69,000 കോടി രൂപയുടെ പുനരുജ്ജീവന പദ്ധതിയാണ് പ്രഖ്യാപിച്ചിരുന്നത്.
ഹൈദരാബാദ്, ചണ്ഡീഗഡ്, ഭുവനേശ്വർ, കൊൽക്കത്ത എന്നിവിടങ്ങളിലെ ബിഎസ്എൻഎല്ലിന്റെ വസ്തുവകകളാണ് ഇത്തരത്തിൽ കൈമാറാൻ ഒരുങ്ങുന്നത്. 660 കോടി രൂപയുടെ സമാഹരണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കമ്പനികളുടെ നഷ്ടം നികത്താനായാണ് ആസ്തികൾ വിൽക്കുന്നത്(അസറ്റ് മോണിറ്റൈസേഷൻ). കൈമാറ്റ നടപടികൾക്കായി ഡിപാർട്ട്മെന്റ് ഓഫ് ഇൻവെസ്റ്റ്മെന്റ് മാനേജ്മെന്റ് നടപടികൾ തുടങ്ങി.
എംടിഎൻഎല്ലിനെ വസാരി ഹിൽസ്, മുംബൈയിലെ ഗൊറേഗാവ് എന്നിവിടങ്ങളിലെ വസ്തുവഹക്കളും വിൽപനയ്ക്കുണ്ട്. 310 കോടി രൂപയാണ് ഡിപാർട്ട്മെന്റ് ഓഫ് ഇൻവെസ്റ്റ്മെന്റ് മാനേജ്മെന്റ് വെബ്സൈറ്റിൽ വസ്തുക്കൾക്കായി രേഖപ്പെടുത്തിയിരിക്കുന്നത്. ഓഷിവാരയിൽ സ്ഥിതിചെയ്യുന്ന എംടിഎൻഎല്ലിന്റെ 20 ഫ്ലാറ്റുകളും വിൽപ്പനയ്ക്ക് വെച്ചിട്ടുണ്ട്. 52.26 ലക്ഷം മുതൽ 1.59 കോടി വരെയാണ് ഇവയുടെ കരുതൽ വില.
Discussion about this post