തിരുവനന്തപുരം: കർഷക സമരത്തിന് മുന്നിൽ മുട്ടുമടക്കി കേന്ദ്രം ഭരിക്കുന്ന എൻഡിഎ സർക്കാർ മൂന്ന് പുതിയ കാർഷിക നിയമങ്ങളും പിൻവലിച്ചിരിക്കുകയാണ്. ഏറെ പ്രതീക്ഷയോടെയാണ് ഈ ജനകീയ സമരത്തെ പ്രതിപക്ഷ പാർട്ടികള്ഡ നോക്കിക്കാണുന്നത്.
ഐതിഹാസികമായ കർഷക സമരം രചിച്ചിരിക്കുന്നത് സമത്വപൂർണമായ ലോകനിർമ്മിതിയ്ക്കായി നടക്കുന്ന വർഗസമരങ്ങളുടെ ചരിത്രത്തിലെ ഉജ്ജ്വലമായ ഒരേടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രശംസിച്ചു. വെല്ലുവിളികൾ ഏറെയുണ്ടായിട്ടും തളരാതെ പൊരുതിയ കർഷകർക്ക് അഭിവാദ്യങ്ങൾ നേർന്ന് ഫേസ്ബുക്കിലൂടെയാണ് മുഖ്യമന്ത്രി രംഗത്തെത്തിയത്.
മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപ്കഷ നേതാവ് വിഡി സതീശനും ഉൾപ്പടെ കേരളത്തിലെ ഭരണ-പ്രതിപക്ഷ നേതാക്കൾ ഒരേ മനസോടെയാണ് കർഷക സമരത്തിന് അഭിവാദ്യം അർപ്പിച്ചിരിക്കുന്നത്.
പ്രധാന പ്രതികരണങ്ങളിലൂടെ:
ഐതിഹാസികമായ കർഷക സമരത്തിനു വിജയം കുറിച്ചുകൊണ്ട് കാർഷിക നിയമങ്ങൾ പിൻവലിക്കപ്പെട്ടിരിക്കുന്നു. സമത്വപൂർണമായ ലോകനിർമ്മിതിയ്ക്കായി നടക്കുന്ന വർഗസമരങ്ങളുടെ ചരിത്രത്തിലെ ഉജ്ജ്വലമായ ഒരേടാണ് ഇന്ത്യൻ കർഷകർ രചിച്ചിരിക്കുന്നത്. വെല്ലുവിളികൾ ഏറെയുണ്ടായിട്ടും തളരാതെ പൊരുതിയ കർഷകർക്ക് അഭിവാദ്യങ്ങൾ നേരുന്നു.– മുഖ്യമന്ത്രി പിണറായി വിജയൻ
ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ രാജ്യം കണ്ട ഏറ്റവും വലിയ ജനകീയ ചെറുത്തു നിൽപ്പിനു മുന്നിൽ ഭരണകൂടത്തിന് മുട്ടുമടക്കേണ്ടിവന്നിരിക്കുന്നു. കാലിനടിയിലെ മണ്ണൊലിച്ചു പോകുന്നുവെന്ന് രണ്ട് പ്രധാന സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകൾ പടിവാതിലിൽ എത്തി നിൽക്കുമ്പോൾ തിരിച്ചറിഞ്ഞതിനപ്പുറം കർഷകരോടോ രാജ്യത്തോടോ മോദി സർക്കാരിനോ സംഘപരിവാറിനോ എന്തെങ്കിലും ആത്മാർത്ഥത ഉണ്ടെന്ന് കരുതുക വയ്യ. അത്രക്ക് ജനവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണ് കേന്ദ്രം ഭരിക്കുന്ന സർക്കാർ. അംഗബലത്തിന്റെ ശക്തിയിൽ എന്തും ചെയ്യാൻ മടിക്കാത്തവരെയാണ് ഒരു വർഷമായി പൊരുതുന്ന കർഷകർ പരാജയപ്പെടുത്തിയത്. ഇത് ജനാധിപത്യത്തിന്റെ വിജയമാണ്. സാധാരണക്കാരന്റെ അസാധാരണ ഇച്ഛാശക്തിയുടെ വിളംബരമാണ്. നിസ്വരുടെ ത്യാഗത്തിന്റെ തിളക്കമാണ്.
തണുപ്പും വെയിലും മഴയും സഹിച്ച്, ക്രൂരമായ ആക്രമണങ്ങളെ നേരിട്ട് അനേകായിരങ്ങൾ തെരുവിൽ പ്രതിഷേധിച്ച ഈ മാസങ്ങളെ എങ്ങനെ മറക്കാനാകും. പാടത്ത് പണിയെടുക്കുന്നവരുടെ കരുത്ത് ഇന്ത്യ ഒന്നുകൂടി തിരിച്ചറിയുകയായിരുന്നു. മണ്ണിൽ കാലുറച്ചു നിൽക്കുന്നവരുടെ ബോധ്യങ്ങളുടെ ഉറപ്പ് എത്ര വലുതാണെന്ന് അവർ പഠിപ്പിച്ചു. ഈ സമരത്തിന്റെ തുടക്കം മുതൽ കോൺഗ്രസ് കർഷകർക്കൊപ്പം നിന്നു. മൂന്ന് കരിനിയമങ്ങളും പിൻവലിച്ചേ മതിയാകൂ എന്ന് ശക്തമായി, നിരന്തരമായി പറഞ്ഞ ഒരു ജനനേതാവെ ഇന്ത്യയിലുള്ളൂ – രാഹുൽ ഗാന്ധി. സമരമുഖത്തേക്ക് വീണ്ടും വീണ്ടും രാഹുലും പ്രിയങ്കയും കടന്നു ചെന്നു. സമരത്തിന് വിട്ടുവീഴ്ചയില്ലാത്ത പിന്തുണ നൽകി. ജീവൻ ബലി കഴിച്ചവരുടെ കുടുംബങ്ങളെ നേരിൽ കണ്ടു. അവരെ തടയാൻ, തല്ലാൻ, തിരിച്ചോടിക്കാൻ, അപമാനിക്കാൻ എന്തൊരു വ്യഗ്രതയായിരുന്നു യോഗി – മോദി കൂട്ടുകെട്ടിന്.
നീതിയും സത്യവും ഏതു കഠിന പരീക്ഷണങ്ങൾക്കൊടുവിലും ജയിക്കും. ജാലിയൻവാലാ ബാഗിന്റെ സമരരക്തമുള്ളവരെ ലഖിപൂരിൽ വണ്ടി കേറ്റി കൊല്ലാൻ ഇറങ്ങി തിരിച്ചവർക്ക് ചരിത്രത്തിന്റെ ഗതിവേഗങ്ങളോ പൊള്ളുന്ന പാഠങ്ങളോ തിരിയില്ല. മതാത്മകതയുടെ ഇരുളകങ്ങളിൽ രാഷ്ട്രീയത്തെ എന്നും തളക്കാമെന്ന മൗഢ്യവും അവസാനിച്ചു. പാടത്തും പണിശാലയിലും കലാലയത്തിലും തെരുവിലും മനുഷ്യപക്ഷമായ രാഷ്ട്രീയം ഉജ്ജ്വലമായി തിരികെയെത്തും. അവരുടെ ഇൻക്വിലാബുകളിൽ, ജയ് കിസാൻ വിളികളിൽ രാജ്യത്തിന്റെ അന്തരംഗം മിടിച്ചുണരും. ചെറുത്തു നിൽപ്പുകൾ എത്ര ആശാവഹമാണ്, സമര പോരാട്ടങ്ങൾ എത്ര ജീവദായകമാണ് , രക്തസാക്ഷിത്വങ്ങൾ എത്ര ഉജ്ജ്വല പ്രകാശമാണെന്ന് ഇന്ത്യയിലെ കർഷകർ തെളിയിച്ചിരിക്കുന്നു. ഇന്നിന്റെയും നാളെയുടെയും പോരാട്ടങ്ങൾ മണ്ണിലുറച്ചു നിന്നുള്ളവയും അടിസ്ഥാന അവകാശങ്ങൾക്കു വേണ്ടിയുള്ളവയുമാണ്. ഗാന്ധിജിയുടെ വഴിയാണ് അത്. ഉറച്ച ബോധ്യങ്ങൾക്കായുള്ള , നിലനിൽപ്പിനായുള്ള ജനാധിപത്യത്തിനായുള്ള സത്യാന്വേഷണ പരീക്ഷണങ്ങൾ പഠിപ്പിച്ചു തന്ന കർഷക പോരാളികൾക്ക് അഭിവാദനങ്ങൾ. അന്നം മാത്രമല്ല, നിങ്ങൾ തന്നത് ആത്മാഭിമാനം കൂടിയാണ്, നന്ദി.
തോളോടുതോൾ ചേർന്ന് പോരാടാൻ ഓരോ കോൺഗ്രസുകാരനും കോൺഗ്രസുകാരിയും നിങ്ങൾക്കൊപ്പം ഉണ്ടാകും – എന്നും എവിടെയും.– പ്രതിപക്ഷ നേതാവ് വിഡി സതീശൻ
ഇന്ത്യൻ കർഷകന്റെ സമര വീര്യത്തിനു മുന്നിൽ കേന്ദ്ര ഗവൺമെന്റ് മുട്ടുമടക്കിയിരിക്കുന്നു.
സർക്കാരിന്റെ അധികാരഗർവ്വിനെയും കോർപ്പറേറ്റുകളുടെ നിക്ഷിപ്ത താൽപര്യങ്ങളെയും ചെറുത്തുതോൽപ്പിക്കാൻ കർഷകന്റെ സഹനസമരത്തിന് സാധിച്ചിരിക്കുന്നു.
ഒരു വർഷമായി കർഷകർ നടത്തി വരുന്ന സമരത്തിന്റെ വിജയം ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ദിശാസൂചികയാണ്.
സമരത്തിന്റെ ആദ്യഘട്ടം മുതൽ അതിന്റെ ഭാഗമാവുകയും, ഡൽഹിയിൽ ഉൾപ്പെടെ ക്യാമ്പ് ചെയ്ത് മഹാ പ്രക്ഷോഭത്തിൽ പങ്കെടുക്കുകയും ചെയ്ത ഒരു കർഷക പ്രവർത്തകൻ എന്ന നിലയിൽ അങ്ങേയറ്റം അഭിമാനത്തോടെ ഈ വിജയത്തെ സ്വാഗതം ചെയ്യുന്നു. കേരളത്തിൽ നിന്നും സമരഭടന്മാർ ബസ് മാർഗ്ഗം ഡൽഹിയിലേക്ക് പോയതും, കർഷകസംഘം സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ സത്യാഗ്രഹത്തിന്റെ നേതൃനിരയുടെ ഭാഗമായതുമെല്ലാം ആവേശകരമായ അനുഭവങ്ങളായിരുന്നു. ഡൽഹിയിലെ സമരത്തിന്റെ തുടർച്ചയായി കേരളത്തിലെമ്പാടും കർഷക സംഘത്തിന്റെ നേതൃത്വത്തിൽ ഐക്യദാർഢ്യ സമരങ്ങൾ സംഘടിപ്പിക്കപ്പെട്ടിരുന്നു.
ഈ വിജയം രാജ്യത്തെ പൊരുതുന്ന മനുഷ്യരുടെ വിജയമാണ്. ജനങ്ങളുടെ ഐക്യത്തിനും നിശ്ചയദാർഢ്യത്തിനും മുന്നിൽ ജനവിരുദ്ധ ഗവൺമെന്റുകൾക്ക് പിടിച്ചുനിൽക്കാനാകില്ല എന്ന സന്ദേശമാണ് ഈ സമരവിജയം വിളംബരം ചെയ്യുന്നത്.
സമര ഭടന്മാർക്ക് അഭിവാദ്യങ്ങൾ. –ധനമന്ത്രി കെഎൻ ബാലഗോപാൽ
ഒരു വർഷത്തോളം നീണ്ടുനിന്ന കർഷക സമരം വിജയിച്ചത് ആവേശകരമാണ്.
2020 നവംബർ 26ന് ആരംഭിച്ച ഈ സമരത്തിനിടയിൽ നിരവധി ചർച്ചകൾ നടന്നിരുന്നെങ്കിലും കർഷകർ ഉന്നയിച്ച പ്രധാന ആവശ്യമായ കാർഷിക നിയമങ്ങൾ പിൻവലിക്കുക എന്ന കാര്യത്തിൽ നിഷേധാത്മക നിലപാടായിരുന്നു കേന്ദ്രസർക്കാർ പുലർത്തിയിരുന്നത്. ഇന്ന് രാവിലെയാണ് കാർഷിക നിയമങ്ങൾ പിൻവലിക്കുകയാണെന്ന നിലപാട് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. 650ലധികം കർഷകർ രക്തസാക്ഷികളായ ഈ പ്രക്ഷോഭത്തിന് പിന്തുണ നൽകിക്കൊണ്ട് കേരളം പ്രമേയം പാസാക്കിയിരുന്നു. എല്ലായ്പ്പോഴും കർഷകർക്കൊപ്പം നിലകൊള്ളുന്ന നിലപാട് എൽഡിഎഫ് സർക്കാരും നിയമസഭയും കൈക്കൊണ്ടു. യശസ്സുയർത്തിപ്പിടിച്ചുകൊണ്ട് ഈ പോരാട്ടം അവസാനിപ്പിക്കാനായതിൽ കർഷകർക്ക് അഭിമാനിക്കാം. എല്ലാ ഏകാധിപത്യ പ്രവണതയും അവസാനിക്കുന്നത് ജനതയുടെ ഇച്ഛാശക്തിയിലും സമർപ്പണത്തിലും തന്നെയായിരിക്കുമെന്ന് ഈ പ്രക്ഷോഭ വിജയം ഊട്ടിയുറപ്പിക്കുന്നു. -വ്യവസായ വകുപ്പ് പി രാജീവ്
ഈ വിജയം ഏറ്റവും വലിയ ഊർജ്ജമാകുന്നു.
ഒരു വർഷത്തിലേറെ നീണ്ട പോരാട്ടം. ലാത്തിയും തോക്കും ജലപീരങ്കിയും അധികാരത്തിന്റെ ഹുങ്കിൽ ആഗ്രഹിക്കുന്നതെന്തും നടത്താമെന്നുള്ള അഹങ്കാരവും ഒടുവിൽ മുട്ടുമടക്കിയിരിക്കുന്നു.
അഞ്ഞൂറിലേറെ രക്തസാക്ഷികൾ…. അവരുടെ ജീവത്യാഗത്തിന് മുന്നിൽ മുഷ്ടിചുരുട്ടി അഭിവാദ്യങ്ങൾ അർപ്പിക്കുന്നു.. വർഗ്ഗസമരങ്ങളുടെ അവസാനിക്കാത്ത പോരാട്ടങ്ങൾക്ക് സമത്വപൂർണമായ പുതിയൊരു ലോകം നേടിയെടുക്കുക എന്ന സ്വപ്നത്തിനു ഈ വിജയം വേഗം കൂട്ടുന്നു.
അകലെയല്ല നമ്മുടെ ലക്ഷ്യമെന്നു അടിവരയിട്ട് പറഞ്ഞുവെച്ചുകൊണ്ട് ഈ ഐതിഹാസിക വിജയം ഈ രാജ്യത്തിന്റെ പ്രതീക്ഷയായി മാറുകയാണ്.
അതിശൈത്യത്തിലും കൊടുംചൂടിലും പേമാരിയിലും തളരാതെ പോരാടിയ സമരസഖാക്കൾക്ക് നൂറുചുവപ്പൻ അഭിവാദ്യങ്ങൾ… -എഎൻ ഷംസീർ എംഎൽഎ
ഇല്ല…ചരിത്രം അവസാനിക്കുന്നില്ല.
മറ്റൊരു ലോകം സാധ്യമാണ്.??
‘ഇനി സമരങ്ങളില്ല,സമരസപ്പെടലുകളേ ഉള്ളൂ’
ആഗോളവൽക്കരണത്തിന്റെ ആപ്തവാക്യം പോലെ ലോക മുതലാളിത്തം പ്രഖ്യാപിച്ചതാണ് ഇങ്ങനെ.
രാഷ്ട്രീയ സമരങ്ങൾക്കും,രാഷ്ട്രീയ പാർട്ടികൾക്കും,ഇനിപ്രസക്തിയില്ല.
ഇനി വർഗ്ഗ സമരങ്ങളില്ല.’ചരിത്രം അവസാനിക്കുന്നു.’
മുതലാളിത്തം ലോകത്തോട് പ്രഖ്യാപിച്ചു.
സർക്കാരുകൾ എല്ലാ സാമൂഹിക ഉത്തരവാദിത്തങ്ങളും
ഉപേക്ഷിക്കുക….എല്ലാം കമ്പോളം നിർണയിക്കും.
ഭരണകൂടം കമ്പോളത്തിനായി സൗകര്യങ്ങൾ ഒരുക്കുക.അതിനായി നിയമങ്ങൾ നിർമ്മിക്കുക.
ആഗോളവൽക്കരണ നയങ്ങളുമായി മുതലാളിത്ത ഭരണകൂടങ്ങൾ അതിവേഗം മുന്നോട്ട് പോയി.
1991 ൽ കോൺഗ്രസ്സ് ഭരണകാലത്ത് ഇന്ത്യ ഈ നയങ്ങൾ ആരംഭിച്ചു.
എല്ലാം വിപണിക്ക് വിട്ടു.വിദ്യാഭ്യാസവും
ആരോഗ്യവും മറ്റ് സാമൂഹ്യ ഉത്തരവാദിത്വങ്ങളും സർക്കാർ ഉപേക്ഷിച്ചു.പൊതുമേഖലാ സ്ഥാപനങ്ങൾ കോർപ്പറേറ്റുകൾക്ക് വിറ്റു.ആഗോളവൽക്കരണ നയങ്ങൾ ഇന്ത്യയിൽ ആരംഭിച്ചിട്ടു ഇപ്പോൾ മുപ്പത് വർഷം ആയിരിക്കുന്നു.
സമരങ്ങളും ജനകീയ മുന്നേറ്റങ്ങളും അവസാനിച്ചു എന്ന് കരുതിയവർക്ക് മുന്നിൽ ഇതാ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം വർഗ്ഗസമരങ്ങൾക്ക് മരണമില്ലെന്നു പ്രഖ്യാപിച്ചിരിക്കുന്നു.കർഷക നിയമങ്ങൾ ഇന്ത്യൻ കോർപ്പറേറ്റുകൾക്ക് വേണ്ടി നിർമിച്ചതായിരുന്നു.ഒരു വർഷത്തോളം നീണ്ട മഹാ സമരത്തിലൂടെ ഇതാ ഇന്ത്യൻ കർഷകർ സമര വിജയം നേടിയിരിക്കുന്നു.
ഇല്ല…ചരിത്രം അവസാനിക്കുന്നില്ല.
മറ്റൊരു ലോകം സാധ്യമാണ്.??
കർഷകരുടെ മഹാ ത്യാഗത്തിനുമുന്നിൽ,
മുഷ്ടി ചുരുട്ടി ഇന്ത്യ അഭിവാദ്യം ചെയ്യുന്നു.
ഹൃദയത്തിൽ നിന്നുംഅഭിവാദ്യങ്ങൾ നേരുന്നു. -എഎ റഹീം (ഡിവൈഎഫ്ഐ അഖിലേന്ത്യാ അധ്യക്ഷൻ)
Discussion about this post