തൃശൂര്‍: അതിസാഹസികമായി മന്ത്രി കെ രാധാകൃഷ്ണന്റെ അരേക്കാപ്പ് യാത്ര. കനത്ത മഴയും മഞ്ഞും ഒരു വശത്തേയ്ക്ക് മാത്രം 28 കിലോമീറ്റര്‍ അണക്കെട്ടിലൂടെ യാത്രയും താണ്ടിയാണ് അരേക്കാപ്പ് പട്ടിക വര്‍ഗ കോളനിയിലേയ്ക്ക് എത്തേണ്ടത്. അതിനു പുറമെ, ഒരു മണിക്കൂറോളം കാട്ടിലൂടെ നടത്തവുമുണ്ട്. ഇതെല്ലാം കടന്നാണ് മന്ത്രിക്ക് എത്തേണ്ടതും.
രാവിലെ ഏഴിന് ഇടമലയാറ്റിലെത്തിയപ്പോള്‍ സുരക്ഷയുടെ പേരില്‍ യാത്ര ഒഴിവാക്കുന്നതാകും ഉചിതമെന്ന് പോലീസ് അറിയിച്ചു. എന്നാല്‍, അരേക്കാപ്പ് പട്ടിക വര്‍ഗ കോളനിയിലേക്ക് ഇതുവരെ ഒരു ജനപ്രതിനിധിയും പോയിട്ടില്ലല്ലോ… മഴയൊക്കെ മാറി… എല്ലാം ശരിയാകുമെന്നേ… നമുക്കങ്ങ് പോകാമെന്ന് മന്ത്രി ആത്മവിശ്വാസം മുറുകെ പിടിച്ച് പറഞ്ഞു. ഇതോടെ മറുത്ത് പറയാന്‍ എംഎല്‍എ സനീഷ് ജോസഫിനും കലക്ടര്‍ ഹരിത വി കുമാറിനും സാധിച്ചില്ല.
തെരഞ്ഞെടുപ്പ് കാലത്തു പോലും ഒരു ജനപ്രതിനിധികളും എത്താത്ത ഉള്‍ക്കാടാണ് അരേക്കാപ്പ്. മന്നാന്‍ , മുതുവാന്‍ വര്‍ഗത്തില്‍പ്പെട്ട 43 കുടുംബങ്ങളാണ് ഇവിടെ കഴിയുന്നത്. ഓരോരുത്തര്‍ക്കും 7 മുതല്‍ 12 വരെ ഏക്കര്‍ ഭൂമി വനാവകാശ നിയമപ്രകാരം പതിച്ച് നല്‍കിയിട്ടുണ്ട്. കൃഷിയും ഇടമലയാര്‍ അണക്കെട്ടിലെ മീന്‍ പിടിത്തവുമായാണ് അവര്‍ കഴിയുന്നത്.
തെരഞ്ഞെടുപ്പ് കാലത്ത് എല്ലാവരെയും അതിരപ്പള്ളി മലക്കപ്പാറയിലേക്ക് വിളിച്ച് വരുത്തി വോട്ട് അഭ്യര്‍ത്ഥിക്കുകയാണ് പതിവെന്ന് സ്ഥലവാസിയായ ഒരാള്‍ സൂചിപ്പിച്ചു. ചെങ്കുത്തായ ഭൂപ്രകൃതിയാണെങ്കിലും കനകം വിളയുന്ന മണ്ണാണ്. കുരുമുളകും റബറും കമുകു മൊക്കെ സമൃദ്ധമായി വിളയുന്നു. മലഞ്ചെരുവുകളില്‍ നിന്നും ഹോസിലൂടെ ജലം സുലഭമായി കിട്ടുന്നു.. യാത്രാസൗകര്യം… അതാണ് അടിയന്തിരമായി പരിഹരിക്കേണ്ടത്.
പിന്നെ കമ്യൂണിറ്റി ഹാള്‍, മൊബൈല്‍ നെറ്റ് വര്‍ക്ക്, ചികില്‍സാ സൗകര്യം…..എല്ലാം പരിഹരിക്കണം. ഒറ്റയടിപ്പാതയിലൂടെ ചാക്കു കട്ടിലില്‍ കിടത്തി ആശുപത്രിയിലെത്തിച്ച രോഗികള്‍ പലരും മരിച്ച കാര്യം പറഞ്ഞ് ഉറ്റവര്‍ വിതുമ്പി. പിന്നെ ഒരു കാര്യം സന്തോഷത്തോടെ പറയാം. എല്ലാ വീട്ടിലും വൈദ്യുതി പ്രകാശം. മുന്‍ വൈദ്യുതി മന്ത്രി എം എം മണിയുടെ കാലത്ത് എല്‍ ഡി എഫ് സര്‍ക്കാര്‍ നടപ്പാക്കിയ സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിന്റെ ഗുണഫലം.
മണിയാശാനോടുള്ള പ്രത്യേക നന്ദിയും അരേക്കാപ്പുകാര്‍ സൂചിപ്പിച്ചു. ഇവരില്‍ പലരുടെയും മാതാപിതാക്കള്‍ ഇടുക്കിയുടെ വിവിധ മേഖലകളില്‍ നിന്നുള്ളവരാണ്. രാവിലെ എട്ടരയോടെ എത്തി വൈകുന്നേരം മൂന്നരയോടെയായിരുന്നു മന്ത്രിയുടെ മടക്കം.
Discussion about this post