ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ വീണ്ടും സുനാമി വരുമെന്ന് മുന്നറിപ്പ്. ശനിയാഴ്ച രാത്രി 9 ന് അനക് ക്രാക്കട്ടോവ (ക്രാക്കട്ടോവയുടെ കുട്ടി) എന്ന അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നാണ് 9.30ന് സുനാമി രൂപപ്പെട്ടത്.തീരപ്രദേശത്തെ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. 15 -20 മീറ്റര്‍ ഉയരത്തില്‍ തിരകള്‍ ആഞ്ഞടിക്കുകയായിരുന്നു.222 പേരാണ് ഇതുവരെ സുനാമിയില്‍ മരണപ്പെട്ടു. 28 പേരെ കാണാതായി.
പടിഞ്ഞാറന്‍ ജാവയ്ക്കും തെക്കന്‍ സുമാത്രയ്ക്കും ഇടയിലെ സുണ്‍ഡ കടലിടുക്കിലാണു അഗ്നിപര്‍വത സ്ഫോടനവും തുടര്‍ന്ന് സൂനാമിയും ഉണ്ടായത്.
ജാവയിലെ പടിഞ്ഞാറന്‍ തീരത്തുള്ള ബാന്റന്‍ പ്രവിശ്യയിലാണ് ഏറ്റവുമധികം നാശമുണ്ടായത്. ഇവിടെ പ്രമുഖ പോപ് ബാന്‍ഡായ ‘സെവന്റീന്‍’ സംഗീതപരിപാടിക്കിടെയായിരുന്നു സൂനാമിത്തിരകള്‍ ആഞ്ഞടിച്ചത്. ബാന്‍ഡിലെ ഒരു കലാകാരനും മാനേജരും കൊല്ലപ്പെട്ടു. സംഗീതസംഘത്തിലെ ചിലരെ കാണാതായി.
അഗ്‌നിപര്‍വത സ്‌ഫോടനത്തെ തുടര്‍ന്ന് സൂനാമി ഉണ്ടാകുന്നത് അപൂര്‍വമായി സംഭവിക്കുന്ന പ്രതിഭാസമാണെന്ന് രാജ്യാന്തര സൂനാമി വിവരകേന്ദ്രം പറയുന്നു. ഭൂചലനത്തെ തുടര്‍ന്നുണ്ടാകുന്ന സൂനാമിയില്‍നിന്നു വ്യത്യസ്തമായി കടല്‍ കയറുകയോ ഇറങ്ങുകയോ ചെയ്യുന്നതു പോലെയുള്ള സൂചനകള്‍ ഇവിടെ ഉണ്ടാകാറില്ല. അതുകൊണ്ടു മുന്നറിയിപ്പ് നല്‍കാന്‍ അവസരം ലഭിക്കാറുമില്ല.
ഇന്തൊനീഷ്യയില്‍ ഈ വര്‍ഷം തന്നെയുണ്ടായ മൂന്നാമത്തെ വലിയ ദുരന്തമാണ് ശനിയാഴിച്ച ഉണ്ടായ സുനാമി.
ഓഗസ്റ്റില്‍ ലോംബോക്കിലുണ്ടായ ഭൂകമ്പത്തില്‍ 565 പേര്‍ കൊല്ലപ്പെട്ടിരുന്നു. സുലവേസി ദ്വീപിലെ പാലു നഗരത്തില്‍ സെപ്റ്റംബര്‍ 28നുണ്ടായ ഭൂകമ്പത്തിലും സൂനാമിയിലും രണ്ടായിരത്തിലേറെ പേരാണ് മരണമടഞ്ഞത്; 5000 പേരെ കാണാതായി.
Discussion about this post