ചെന്നൈ: നടൻ വിജയ് സേതുപതിയെ ആക്രമിക്കാൻ ആഹ്വാനം നൽകി ഹിന്ദു മക്കൾ കക്ഷി നേതാവ്. താരത്തെ ചവിട്ടുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഹിന്ദു മക്കൾ കക്ഷി നേതാവ് അർജുൻ സമ്പത്ത്. ഒരു ചവിട്ടിന് 1001 രൂപ നൽകുമെന്നാണ് നേതാവിന്റെ പ്രഖ്യാപനം. ഹിന്ദു മക്കൾ കക്ഷിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
തേവർ സമുദായത്തെ അപമാനിച്ചതിനാലാണ് വിജയ് സേതുപതിയെ ചവിട്ടുന്നവർക്ക് തങ്ങൾ പാരിതോഷികം പ്രഖ്യാപിച്ചതെന്നും അർജുൻ സമ്പത്ത് പറഞ്ഞു. കഴിഞ്ഞ ദിവസം ബംഗളൂരു വിമാനത്താവളത്തിൽ വിജയ് സേതുപതിയെ ആക്രമിക്കാനുള്ള ശ്രമം നടന്നിരുന്നു. നടന്റെ സഹായിക്ക് ചവിട്ടേൽക്കുന്ന സാഹചര്യവുമുണ്ടായി.
അതേസമയം, ഇത് വിജയ് സേതുപതിയുമായി ബന്ധപ്പെട്ട പ്രശ്നമല്ല, സുഹൃത്തുമായി ബന്ധപ്പെട്ട പ്രശ്നമാണെന്നായിരുന്നു അന്ന് പുറത്തുവന്ന വിവരം. എന്നാൽ, ബംഗളൂരു വിമാനത്താവളത്തിലെ സംഭവത്തിന് മുൻപ് വിമാനത്തിൽ വെച്ച് വിജയ് സേതുപതി തേവർ സമുദായത്തെയും തേവർ സമുദായ നേതാവായ മുത്തുരാമലിംഗ തേവരെയും അപമാനിച്ച് സംസാരിച്ചെന്നും ഇതാണ് വിമാനത്താവളത്തിൽ വെച്ചുള്ള ആക്രമണത്തിലേക്ക് നയിച്ചതെന്നും അർജുൻ സമ്പത്ത് പറയുന്നു.
Discussion about this post