ന്യൂഡല്‍ഹി: രാജ്യതലസ്ഥാനം രൂക്ഷമായ വായു മലിനീകരണമാണ് നേരിടുന്നതിനിടെ വായുവിന്റെ ഗുണനിലവാരം സിഗരറ്റ് പുകയേക്കാള്‍ മോശമാണെന്ന് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ. വായുമലിനീകരണം ഡല്‍ഹി നിവാസികളുടെ ജീവിതദൈര്‍ഘ്യം കുറക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്തോ-ഗംഗാ സമതല മേഖലയില്‍ വായുമലിനീകരണം കൂടുതലാണ്. ദീപാവലിക്ക് പടക്കം പൊട്ടിച്ചത് വായുമലിനീകരണത്തിന്റെ ഭാഗമായിട്ടുണ്ട്. ആഘോഷവേളകളില്‍ വാഹനങ്ങള്‍ കൂടുതലായി നിരത്തിലിറങ്ങിയതും മലിനീകരണം വര്‍ധിപ്പിച്ചു. 2017ന് ശേഷമുള്ള ഏറ്റവും മോശം വായു ഗുണനിലവാരമാണ് ഡല്‍ഹിയില്‍ ദീപാവലിക്ക് തൊട്ടടുത്ത ദിവസം രേഖപ്പെടുത്തിയത്.
ഡല്‍ഹിയിലെ ജനങ്ങളുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം കുറയുകയാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നതായി അദ്ദേഹം പറഞ്ഞു. പഠനഫലം ഇനിയും അവലോകനം ചെയ്യേണ്ടതുണ്ടെങ്കിലും വായുമലിനീകരണം തീര്‍ച്ചയായും ആയുര്‍ദൈര്‍ഘ്യത്തെ ബാധിക്കും. ഡല്‍ഹിക്കാരുടെ ശ്വാസകോശം കറുത്തതായി മാറിയിരിക്കുന്നു -ഡോ. ഗുലേറിയ പറഞ്ഞു.
വായുമലിനീകരണം കോവിഡ് വ്യാപനത്തിനും കാരണമാകുമെന്ന് ഡോ. ഗുലേറിയ ചൂണ്ടിക്കാട്ടി. വായുവിലെ മലിന വസ്തുക്കളില്‍ കൊറോണ വൈറസ് തങ്ങിനില്ക്കുന്നത് വ്യാപന തോത് വര്‍ധിപ്പിക്കും. കോവിഡ് ബാധിതരുടെ ശ്വാസകോശത്തെ മലിനീകരണം ഏറെ പ്രതികൂലമായി ബാധിക്കും. ഇപ്പോഴുള്ള കോവിഡ് വര്‍ധനവ് ഇത്തരത്തിലുള്ളതാണോയെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
Discussion about this post