അബുദാബി: ലുലു ഗ്രൂപ്പ് ചെയര്മാന് എംഎ യൂസഫലിയെ ആദരിച്ച് ഇന്തൊനേഷ്യ.
ഇന്തൊനേഷ്യയിലെ ഉന്നത ബഹുമതികളിലൊന്നായ പ്രിമ ദുത്ത പുരസ്കാരം യൂസഫലിയ്ക്ക് സമ്മാനിച്ച് ഇന്തൊനേഷ്യന്‍ സര്‍ക്കാര്‍ ആദരിച്ചു.
ഇന്തോനേഷ്യയുടെ വാണിജ്യ വ്യവസായ മേഖലക്ക് നല്കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരം. അബുദാബി എമിറേറ്റ്സ് പാലസില്‍ വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ വെച്ചായിരുന്നു ഇന്തൊനേഷ്യന്‍ പ്രസിഡണ്ട് ജോക്കോ വിഡോഡോ ഇന്തൊനേഷ്യന്‍ സര്‍ക്കാരിന്റെ ഉന്നത ബഹുമതി യൂസഫലിക്ക് സമ്മാനിച്ചത്.
ഇന്തൊനേഷ്യന്‍ വ്യാപാര മന്ത്രി മുഹമ്മദ് ലുത്ഫി, ഇന്തൊനേഷ്യയിലെ യുഎഇ സ്ഥാനപതി അബ്ദുള്ള അല്‍ ദാഹിരി, യുഎഇ യിലെ ഇന്തൊനേഷ്യന്‍ സ്ഥാനപതി ഹുസ്സൈന്‍ ബാഗിസ് എന്നിവരടക്കമുള്ള പ്രമുഖരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ഇന്തൊനേഷ്യയില്‍ നിന്നുള്ള ഭക്ഷ്യ – ഭക്ഷ്യേതര ഉല്‍പ്പന്നങ്ങള്‍ കൂടുതലായി കയറ്റുമതി ചെയ്യുകയും അത് രാജ്യത്തിന്റെ സാമ്പത്തിക മേഖലക്ക് കൂടുതല്‍ ഉണര്‍വ് പകരുകയും പൗരന്മാര്ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ലഭ്യമാക്കുകയും ചെയ്തതിനാണ് ഇന്തൊനേഷ്യന്‍ സര്‍ക്കാര്‍ യൂസഫലിയെ പുരസ്കാരം നല്കി ആദരിച്ചത്.
ഇന്തൊനേഷ്യയുടെ ഉന്നത ബഹുമതി ലഭിച്ചതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്നും ഇതിന് ഇന്തൊനേഷ്യന്‍ പ്രസിഡണ്ടിനും സര്‍ക്കാരിനും നന്ദി പറയുന്നുവെന്നും ലുലു ഗ്രൂപ്പ് ചെയര്മാന് എംഎ യൂസഫലി പറഞ്ഞു. രാജ്യത്തെ വാണിജ്യ മേഖലയില്‍ കൂടുതല്‍ ശക്തമായ പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ ഈ അംഗീകാരം പ്രേരകമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ നിലവിലുള്ള അഞ്ച് ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ കൂടാതെ അബുദാബി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഏഡിക്യൂവുമായി ചേര്‍ന്ന് പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ ബാലി ഉള്‍പ്പെടെ 30 ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ കൂടി തുടങ്ങാനും ഈ-കോമേഴ്സില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ധാരണയായി. ലുലു ഗ്രൂപ്പിന്റെ ഇന്തൊനേഷ്യയിലെ പ്രവര്‍ത്തനങ്ങളില്‍ പ്രസിഡണ്ട് ജോക്കോ വിഡോഡോ പൂര്‍ണ്ണ സംതൃപ്തി പ്രകടിപ്പിച്ചതായും യൂസഫലി കൂട്ടിച്ചേര്‍ത്തു.
I am very pleased to meet H.E. @jokowi, Hon’ble President of Indonesia with the accompanying team including the H.E. @MendagLutfi, Trade Minister on 03.11.2021 in Abu Dhabi and to explain our future expansion plans in #Indonesia pic.twitter.com/3RPCHVnXHT
— Yusuffali M. A. (@Yusuffali_MA) November 6, 2021
ഇന്തൊനേഷ്യയിലെ വാണിജ്യ രംഗത്ത് ശക്തമായ സാന്നിധ്യമാണ് ലുലു ഗ്രൂപ്പിനുള്ളത്. 3,000 കോടി (500 മില്യണ്‍ ഡോളര്‍) രൂപയാണ് ഇന്തൊനേഷ്യയില്‍ ലുലുവിനുള്ള നിക്ഷേപം. 350 കോടി രൂപ മുതല്‍ മുടക്കില്‍ ആധുനിക രീതിയിലുള്ള ഭക്ഷ്യ സംസ്കരണ- ലോജിസ്റ്റിക്സ് കേന്ദ്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരികയാണ്.
2016ല്‍ ലുലുവിന്റെ ആദ്യത്തെ ഹൈപ്പര്‍മാര്‍ക്കറ്റ് പ്രസിഡണ്ട് ജോക്കൊ വിദോദൊയായിരുന്നു ഉദ്ഘാടനം ചെയ്തത്, ലുലു ഗ്രൂപ്പ് ചീഫ് ഓപ്പറേഷന്‍സ് ഓഫിസര്‍ വി.ഐ. സലീം, ലുലു ഇന്തോനേഷ്യ ഡയറക്ടര്‍ പിഎ നിഷാദ്, റീജിയണല്‍ ഡയറക്ടര്‍ ഷാജി ഇബ്രാഹിം എന്നിവരും സന്നിഹിതരായിരുന്നു. ഇറ്റലിയില്‍ നടന്ന ജി 20 ഉച്ചകോടി, സ്കോട്ട്ലാന്‍ഡിലെ ഗ്ലാസ്ഗോവില്‍ നടന്ന ലോക നേതാക്കളുടെ ആഗോള കാലാവസ്ഥ ഉച്ചകോടി എന്നിവയില്‍ പങ്കെടുത്താണ് ഇന്തൊനേഷ്യന്‍ പ്രസിഡണ്ട് ഔദ്യോഗിക സന്ദര്‍ശനത്തിനായി യുഎഇയിലെത്തിയത്.
Discussion about this post