കൊച്ചി: കോവിഡ് വാക്സീന് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രം നീക്കം ചെയ്യണമെന്ന ആവശ്യം അപകടകരമാണെന്ന് ഹൈക്കോടതി. പ്രധാനമന്ത്രിയുടെ ചിത്രം നീക്കം ചെയ്യണമെന്ന പീറ്റര്‍ മാലിപറമ്പില്‍ നല്കിയ ഹര്‍ജി പരിഗണിക്കവേയായിരുന്നു ജസ്റ്റിസ് എന്‍ നാഗേഷിന്റെ വാക്കാലുള്ള പരാമര്‍ശം.
നോട്ടില്‍ നിന്ന് മഹാത്മാഗാന്ധിയുടെ ചിത്രം നീക്കം ചെയ്യണമെന്ന് പറയും പോലെയാണിത്. ഇന്ത്യന്‍ കറന്‍സി താന്‍ അധ്വാനിച്ച് നേടുന്നതാണെന്നും അതില്‍ നിന്ന് മഹാത്മാഗാന്ധിയുടെ ചിത്രം നീക്കണമെന്നും ആവശ്യപ്പെട്ട് നാളെ ആരെങ്കിലും കോടതിയെ സമീപിച്ചാല്‍ എന്ത് സംഭവിക്കുമെന്നും കോടതി ചോദിച്ചു.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയമങ്ങളനുസരിച്ചാണ് നോട്ടില്‍ മഹാത്മ ഗാന്ധിയുടെ ചിത്രം പതിപ്പിച്ചിരിക്കുന്നതെന്ന് ഹര്‍ജി സമര്‍പ്പിച്ച ആള്‍ക്ക് വേണ്ടി ഹാജരായ അഡ്വ.അജിത് ജോയി കോടതിയില്‍ പറഞ്ഞു. എന്നാല്‍ ഒരു നിയമ പരിരക്ഷയുമില്ലാതെയാണ് കോവിഡ് വാക്സീന് സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ചിത്രം ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും അഡ്വ.അജിത് ജോയി വാദിച്ചു.
അതേസമയം ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സമയം ആവശ്യപ്പെട്ടു. തുടര്‍ന്ന് ഈ മാസം 23ലേക്ക് കേസ് പരിഗണിക്കുന്നത് മാറ്റി.
വാക്സിന് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ഫോട്ടോ ഒഴിവാക്കണം, സ്വകാര്യ ആശുപത്രിയില്‍ നിന്ന് എടുക്കുന്ന കാര്യത്തില്‍ പ്രധാനമന്ത്രിയുടെ ഫോട്ടോ വെക്കുന്നത് എന്തിനാ എന്നായിരുന്നു ഹര്‍ജിക്കാരുടെ ചോദ്യം.
Discussion about this post