കൊച്ചി: താന്‍ മദ്യപിച്ചല്ല വന്നതെന്നും സ്ത്രീകളോട് മോശമായി പെരുമാറിയിട്ടില്ലെന്നും നടന് ജോജു ജോര്‍ജ്. ഷോ നടത്തിയതല്ലെന്നും വൈദ്യപരിശോധനയ്ക്ക് ശേഷം ജോജു ജോര്‍ജ് പ്രതികരിച്ചു.
രാഷ്ട്രീയം നോക്കിയല്ല കോണ്‍ഗ്രസിന്റെ സമരത്തിനെതിരേ പ്രതിഷേധിച്ചതെന്നും ഷോ കാണിക്കാനായി ഇറങ്ങിയതല്ലെന്നും ജോജു ജോര്‍ജ് പറഞ്ഞു. റോഡ് ഉപരോധിച്ചവരോടുള്ള പ്രതിഷേധമാണ് പ്രകടിപ്പിച്ചത്. അത് അംഗീകരിക്കുന്നവര്‍ക്ക് അംഗീകരിക്കാം. കേസ് കൊടുക്കേണ്ടവര്‍ക്ക് കൊടുക്കാം. താനതിനെ നേരിടും, ഒരു പേടിയുമില്ല. ഇത് സിപിഎം ചെയ്താലും പറയേണ്ടെയെന്നും ജോജു ജോര്‍ജ് ചോദിച്ചു. പോലീസ് സ്റ്റേഷനിലെത്തി പരാതി നല്കിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു ജോജു.
ഇന്ധനവില വര്‍ധനയ്ക്കെതിരായ കോണ്‍ഗ്രസിന്റെ വഴിതടയല്‍ സമരത്തിനെതിരെ പ്രതിഷേധിച്ചതിനു പിന്നാലെയാണ് ജോജുവിന്റെ വാഹനം തകര്‍ത്തത്. ‘ഷൈന്‍ ചെയ്യാനായിട്ട് സിനിമയില്‍ അഭിനയിക്കുന്നുണ്ട് ഞാന്‍. എനിക്ക് ആവശ്യത്തിനുള്ള ഫെസിലിറ്റിയുണ്ട്. പിന്നെ എന്തിനാണ് ഞാന്‍.
കേരള ഹൈക്കോടതി വിധി പ്രകാരം പൂര്‍ണമായും റോഡ് ഉപരോധിക്കരുതെന്ന് നിയമം നിലനില്‍ക്കുണ്ട്. എന്റെ വണ്ടിയുടെ അടുത്ത് ഉണ്ടായിരുന്നത് കീമോതെറാപ്പിക്ക് കൊണ്ടുപോകുന്ന ഒരു കൊച്ചുകുട്ടിയായിരുന്നു. വണ്ടിയുടെ മുന്നിലും പിന്നിലും എസി ഇടാതെ വിയര്‍ത്തു കുളിച്ച് കുറേപേര്‍ ഇരിക്കുന്നു. ഇതിനേ തുടര്‍ന്നാണ് അവിടെ പോയി ഇത് പോക്രിത്തരമാണെന്ന് പറഞ്ഞത്.
ഞാന്‍ പോലീസ് വണ്ടിയില്‍ കയറി യാത്ര ചെയ്ത് എന്റെ ബ്ലഡ് എടുപ്പിച്ചു. ഞാന്‍ തെളിയിക്കേണ്ടിവന്നു കള്ളുകുടിച്ചിട്ടില്ലെന്ന്. അതിലും വല്യാ നാണക്കേടെന്താ? ഞാനെന്തെങ്കിലും ദ്രോഹം ചെയ്തോ?
ഞാനാരുടെയും പ്രതിനിധിയല്ല. സാധാരണക്കാരനാണ്. എനിക്ക് മോളും അമ്മയും പെങ്ങളുമൊക്കെയുണ്ട്. ഒരു സ്ത്രീയോടും ഞാന്‍ മോശമായി പെരുമാറില്ല. ഒരു കാര്യത്തിന് പ്രതിഷേധിച്ചപ്പോള്‍ ഉടന്‍ വന്ന പ്രതികരണമാണ്, ഞാന്‍ മോശമായി പെരുമാറിയെന്ന്. ഒരു ചേച്ചിയൊക്കെ എന്റെ വണ്ടിയില്‍ കയറിയിരുന്ന് തല്ലിപ്പൊളിക്കുകയായിരുന്നു. അവര്‍ ചിന്തിക്കണം എന്താ കാണിച്ചുകൂട്ടുന്നതെന്ന്’- ജോജു ജോര്‍ജ് പറഞ്ഞു.
വൈറ്റിലയില്‍ ഗതാഗതം തടസപ്പെടുത്തി ഉപരോധം സംഘടിപ്പിച്ചതിനെതിരെയാണ് ജോജു പ്രതിഷേധിച്ചത്. പ്രതിഷേധിച്ചതിന് പിന്നാലെ ജോജുവിന്റെ വാഹനത്തിന്റെ ചില്ല് സമരക്കാര്‍ അടിച്ചുതകര്‍ക്കുകയായിരുന്നു. ജോജുവിന്റെ കാര്‍ കടന്നുപോകാന്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.
സിഐ വാഹനത്തില്‍ കയറി ഡ്രൈവ് ചെയ്ത് ജോജുവിനെ പനങ്ങാട് പൊലീസ് സ്റ്റേഷനിലെത്തിച്ചു. വനിതാ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന് ജോജുവിനെതിരെ പൊലീസില്‍ പരാതി നല്കുമെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. മദ്യപിച്ച് ജോജു ബഹളമുണ്ടാക്കുകയായിരുന്നുവെന്ന് എറണാകുളം ഡിസിസി അധ്യക്ഷന്‍ ഷിയാസ് പ്രതികരിച്ചു.
Discussion about this post