കൊച്ചി: കോൺഗ്രസ് നേതാക്കളുടെ ആരോപണം പൊളിച്ച് നടൻ ജോജു ജോർജിന്റെ വൈദ്യപരിശോധനാ റിപ്പോർട്ട് എത്തി. നടൻ ജോജു ജോർജ് മദ്യപിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു. ആശുപത്രിയിൽ നടത്തിയ വൈദ്യപരിശോധനയിൽ ജോജു മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞതോടെ കോൺഗ്രസ് നേതാക്കൾ ജോജുവിനെതിരേ ഉന്നയിച്ച പ്രധാന ആരോപണം തന്നെ പൊളിഞ്ഞിരിക്കുകയാണ്. ജോജു മദ്യലഹരിയിലാണ് സമരക്കാർക്കെതിരേ തിരിഞ്ഞതെന്നായിരുന്നു കോൺഗ്രസ് നേതാക്കളുടെ ആരോപണം.
അതേസമയം, ജോജുവിന് എതിരെ പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് മാധ്യമങ്ങളോട് പറഞ്ഞു. ജോജു വനിതാ പ്രവർത്തകരെ കയറിപിടിക്കാൻ ശ്രമിച്ചെന്നും ഇക്കാര്യത്തിൽ പരാതി എഴുതിനൽകിയിട്ടുണ്ടെന്നും സഭ്യമായരീതിയിലല്ല ജോജു ജോർജ് പ്രതികരിച്ചതെന്നും ഷിയാസ് ആരോപിച്ചു.
ജോജുവിന്റെ പ്രകടനം ജനം വിലയിരുത്തട്ടെയെന്നും മാന്യമായി നടത്തിയ സമരത്തിൽ 1500-ലേറെ പേരാണ് വാഹനങ്ങളുമായി പങ്കെടുത്തതെന്നും ആർക്കെങ്കിലും അസൗകര്യമുണ്ടായെങ്കിൽ മാപ്പ് ചോദിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുണ്ട് മടക്കിക്കുത്തി അടിവസ്ത്രം കാണിച്ച് സിനിമാസ്റ്റൈൽ ഷോയാണ് നടത്തിയത്. വനിതാപ്രവർത്തകരെ അസഭ്യം പറയുകയും കടന്നുപിടിക്കാനും ശ്രമിച്ചു. അദ്ദേഹം മദ്യപിച്ചിരുന്നതായാണ് അറിയാൻ കഴിഞ്ഞത്. വാഹനത്തിൽ മദ്യക്കുപ്പിയുണ്ടായിരുന്നു. അദ്ദേഹത്തിന് മാന്യമായി പ്രതികരിക്കാമെന്നും എന്നാൽ സിനിമാസ്റ്റൈൽ ഷോ കോൺഗ്രസിനോട് വേണ്ടെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.
ഇന്ധനവില വർധനവിനെതിരം വൈറ്റിലയിൽ ഗതാഗതം തടസപ്പെടുത്തി കോൺഗ്രസ് നടത്തിയ സമരത്തിനെതിരേ ജോജു അടക്കമുള്ളവർ പ്രതിഷേധിച്ചതോടെയാണ് നാടകീയരംഗങ്ങൾ അരങ്ങേറിയത്. രാവിലെ നടത്തിയ റോഡ് ഉപരോധത്തിൽ ആശുപത്രി, ഓഫീസ് ആവശ്യങ്ങൾക്കായി പോകുന്നവർ നടുറോഡിൽ കുടുങ്ങി. ഇതിനിടെയാണ് നടൻ ജോജു ജോർജ് അടക്കമുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇത് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.
Discussion about this post