തിരുവനന്തപുരം: കാശ്മീരിലെ പൂഞ്ചിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യുവരിച്ച മലയാളി സൈനികൻ വൈശാഖിന്റെ കുടുംബത്തിന് കൈത്താങ്ങായി സംസ്ഥാന സർക്കാർ. വൈശാഖിന്റെ സഹോദരിക്ക് സർക്കാർ ജോലി നൽകുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. കൊട്ടാരക്കര സ്വദേശിയായ വൈശാഖിന്റെ സഹോദരിക്ക് ജോലി നൽകുന്നതിന് പുറമെ വീടു വയ്ക്കുന്നതിനും മറ്റുമായി എടുത്ത വായ്പകൾ സർക്കാർ അടച്ചു തീർക്കുമെന്നും മന്ത്രി വ്യക്തമാക്കി. അഞ്ച് വർഷം മുമ്പാണ് ഇന്ത്യൻ ആർമിയിലെ മെക്കനൈസ് ഇൻഫെന്ററി റെജിമെന്റിൽ വൈശാഖ് ജോലിക്കു ചേർന്നത്.
‘കാശ്മീരിലെ പൂഞ്ചിൽ ഭീകരവാദികളുടെ വെടിയേറ്റ് വീരമൃത്യു വരിച്ച കൊട്ടാരക്കര സ്വദേശിയായ സൈനികൻ വൈശാഖിന്റെ സഹോദരിക്ക് സർക്കാർ ജോലി നൽകാനും, വീടു വയ്ക്കുന്നതിനും മറ്റുമായി വിവിധ ബാങ്കുകളിൽ നിന്നും വൈശാഖ് എടുത്തിട്ടുള്ള വായ്പകൾ അടച്ചു തീർക്കാൻ വേണ്ടിവരുന്ന തുകയായ 27 ലക്ഷത്തിലധികം രൂപ അനുവദിച്ച നൽകാനും ഇന്നു ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.’-മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഒക്ടോബർ 11 നാണ് വൈശാഖ് അടക്കം അഞ്ച് സൈനികർ പൂഞ്ചിൽ കൊല്ലപ്പെട്ടത്. കുടവട്ടൂർ വിശാഖത്തിൽ ഹരികുമാർ-ബീന ദമ്പതികളുടെ മകനാണ് വൈശാഖ്. വിദ്യാർത്ഥിനിയായ ശിൽപ്പയാണ് സഹോദരി.
Discussion about this post