മുംബൈ: ആര്യൻ ഖാനെ അറസ്റ്റ് ചെയ്ത് വീണ്ടു വാർത്തകളിൽ ഇടം പിടിച്ച നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ സോണൽ ഡയറക്ടർ സമീർ വാങ്കഡെയും നടൻ ഷാരൂഖ് ഖാനും തമ്മിലുള്ള ഉരസലിന് വർഷങ്ങളുടെ പഴക്കമുണ്ട്. പത്തുകൊല്ലം മുൻപ് ഷാരൂഖ് ഖാനും കുടുബവും വിദേശയാത്ര കഴിഞ്ഞ് മടങ്ങി വരുന്ന സമയത്ത് വാങ്കഡെ അവരെ മുംബൈ വിമാനത്തിൽ തടയുകയും കസ്റ്റംസ് ഡ്യൂട്ടി അടപ്പിച്ച് മണിക്കൂറുകൾ ചോദ്യം ചെയ്തതിന് ശേഷം മാത്രം വിട്ടയയ്ക്കുകയും ചെയ്ത സംഭവം ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു.
2011 ജൂലൈയിലായിരുന്നു ഈ സംഭവം. ഹോളണ്ട്, ലണ്ടൻ യാത്ര കഴിഞ്ഞ് മുംബൈ വിമാനത്താവളത്തിൽ എത്തിയതായിരുന്നു ഷാരൂഖ് ഖാനും കുടുംബവും. നികുതി അടയ്ക്കേണ്ട വസ്തുക്കളുടെ വിവരം വെളിപ്പെടുത്തിയില്ലെന്ന് കാണിച്ച് കസ്റ്റംസ് അസി.കമ്മീഷണർ ആയിരുന്ന വാങ്കഡെ ഷാരൂഖ് ഖാനെ തടഞ്ഞു.
ഇരുപതോളം ബാഗുകളുമായി എത്തിയ താര കുടുംബത്തെ വാങ്കഡെയും സംഘവും നിരവധി മണിക്കൂറുകൾ ചോദ്യം ചെയ്യുകയും നികുതിവെട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് അറിയാൻ ബാഗുകൾ പരിശോധിക്കുകയും ചെയ്തു. ശേഷം ഷാരൂഖിനെയും കുടുംബത്തെയും പോകാൻ അനുവദിച്ചെങ്കിലും 1.5 ലക്ഷം കസ്റ്റംസ് തീരുവയായി അടപ്പിച്ചതിന് ശേഷമാണഅ അതിന് അനുവദിച്ചത്.
ഇത്തരത്തിൽ വിമാനത്താവളത്തിലെ ചുമതല വഹിക്കുന്നതിനിടെ വാങ്കഡെ നടിമാരായ അനുഷ്ക ശർമ, മിനിഷ ലാംബ, ഗായകൻ മിക സിങ് തുടങ്ങിയവരെയും തടഞ്ഞിട്ടുണ്ട്. 2011 ജൂലൈ മാസത്തിലാണ് ടൊറന്റോയിൽനിന്ന് മുംബൈയിലെത്തിയ അനുഷ്കയെ വാങ്കഡെ തടഞ്ഞത്. കണക്കിൽപ്പെടാത്ത നാൽപ്പതു ലക്ഷം വിലമതിക്കുന്ന വജ്രാഭരണം കൊണ്ടുവന്നെന്ന് ആരോപിച്ചാണ് അനുഷ്കയെ തടഞ്ഞത്.
2013-ലാണ് മികാ സിങ്ങിനെ വിമാനത്താവളത്തിൽ തടയുന്നത്. ഫെമ(ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട്) നിയമം അനുവദിക്കുന്നതിലും അധികം വിദേശ കറൻസി കൊണ്ടുവന്നതിനായിരുന്നു ഇത്.
Discussion about this post