കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്സണ് മാവങ്കലിന്റെ കലൂരിലെ വീട്ടില്‍ പ്രവര്‍ത്തിച്ചിരുന്ന മസാജിങ് കേന്ദ്രത്തില്‍ നിന്ന് ഒളിക്യാമറകള്‍ കണ്ടെത്തി. മോന്‍സണിന്റെ പീഡനത്തിനിരയായ പെണ്‍കുട്ടി നടത്തിയ വെളിപ്പെടുത്തലില്‍ നിന്ന് നടത്തിയ അന്വേഷണത്തിലാണ് ഒളിക്യാമറകള്‍ കണ്ടെടുത്തത്. പോക്സോ കേസില്‍ നടത്തിയ മൊഴിയെടുപ്പിലാണ് പെണ്‍കുട്ടി ഒളിക്യാമറയുടെ കാര്യം വെളിപ്പെടുത്തിയത്.
കേന്ദ്രത്തില്‍ നിന്ന് കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്ക് അടക്കമുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ പിടിച്ചെടുത്തു. എട്ട് ഒളിക്യാമറകളാണ് തിരുമ്മല്‍ കേന്ദ്രത്തില്‍ വെച്ചിരുന്നത്. ഫൊറന്‍സിക്ക് സംഘവും തെളിവുകള്‍ ശേഖരിച്ചു. മസാജിങ് കേന്ദ്രത്തില്‍ ദൃശ്യങ്ങള്‍ മോന്സണ് രഹസ്യമായി പകര്ത്തിയിരുന്നുവെന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി.
മോന്‍സന്റെ സൗന്ദര്യചികിത്സാ കേന്ദ്രത്തിലെ ജോലിക്കാരിയുടെ മകളാണ് ഈ പെണ്‍കുട്ടി. മോന്‍സണെതിരേ പരാതിയുമായി കൂടുതല്‍ പേര് രംഗത്തുവരാത്തത് ബ്ലാക്ക് മെയിലിങ് ഭയന്നിട്ടാണെന്നും പെണ്‍കുട്ടി കൂട്ടിച്ചേര്‍ത്തു. പെണ്‍കുട്ടിക്ക് ഉന്നത വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് കലൂരിലെ വീട്ടില്‍ താമസിപ്പിച്ച് പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. കലൂരിലെ മോന്സണ് താമസിച്ചിരുന്ന വീട്ടിലും കൊച്ചിയിലെ മറ്റൊരു വീട്ടിലും വെച്ച് ലൈംഗികമായി ദുരുപയോഗം ചെയ്തിട്ടുണ്ട്.
2019ല്‍ പെണ്‍കുട്ടിക്ക് 17 വയസ്സുള്ളപ്പോഴാണ് മാതാവിനൊപ്പം കലൂരിലെ വീട്ടിലെത്തിയത്. അന്ന് മുതല്‍ പീഡനം തുടരുകയായിരുന്നു. രാഷ്ട്രീയക്കാരും സിനിമ-സീരിയല്‍ രംഗത്തുള്ള പ്രമുഖരും മോന്‍സണിന്റെ മസാജിങ് കേന്ദ്രത്തില്‍ വന്നിരുന്നതായും പെണ്‍കുട്ടി വെളിപ്പെടുത്തി.
Discussion about this post