തൃശൂർ: സംസ്ഥാനത്ത് ഇന്ന് ബാങ്ക് ജീവനക്കാർ പണിമുടക്കുന്നു. തൃശൂർ ആസ്ഥാനമായ കാതലിക്ക് സിറിയൻ ബാങ്ക് ജീവനക്കാരുടെ പണിമുടക്കിനെ പിന്തുണച്ചാണ് സംസ്ഥാനത്തെ മറ്റ് ബാങ്ക് ജീവനക്കാരും പണി മുടക്കുന്നത്. ട്രേഡ് യൂണിയൻ സംഘടനകളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ബാങ്ക് ഓഫീസർമാരുടെയും ജീവനക്കാരുടെയും ഒമ്പത് സംഘടനകളുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) ആണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സഹകരണ, ഗ്രാമീണ ബാങ്ക് ജീവനക്കാർ ഉൾപ്പെടെ സമരത്തിന്റെ ഭാഗമാവുന്നതോടെ സംസ്ഥാനത്തെ ബാങ്കിങ് രംഗം ഇന്ന് പൂർണമായും സ്തംഭിക്കും.
കനേഡിയൻ കമ്പനിക്ക് സിഎസ്ബിയുടെ പകുതിയോളം ഓഹരി വിൽക്കുന്നതിനെ എതിർത്ത് 20 മുതൽ സിഎസ്ബി ബാങ്കിൽ പണിമുടക്ക് നടന്നുവരികയാണ്.
റിസർവ് ബാങ്ക് നിശ്ചയിച്ച വേതനക്രമം നടപ്പാക്കുക, സ്ഥിരം തൊഴിലാളികളെ സംരക്ഷിക്കുക, നിലവിലുള്ള കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തുകയും താൽക്കാലിക നിയമനം നിർത്തലാക്കുകയും ചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് കാത്തലിക് സിറിയൻ ബാങ്ക് (സിഎസ്ബി) ജീവനക്കാർ സമരം നടത്തിവരുന്നത്.
Discussion about this post