ഭോപ്പാല്‍: ഇന്ത്യയില്‍ രാജ്യസ്നേഹികള്‍ക്ക് മാത്രമേ സ്ഥാനമുള്ളൂവെന്നും കോണ്‍ഗ്രസുകാര്‍ക്കും ചതിയന്മാര്‍ക്കും രാജ്യത്ത് സ്ഥാനമൊന്നുമില്ലെന്നും വിവാദ പ്രസ്താവനയുമായി മാലേഗാവ് സ്ഫോടനക്കേസ് പ്രതിയും ബിജെപി ഭോപ്പാല്‍ എംപിയുമായ പ്രഗ്യാ സിംഗ് താക്കൂര്‍.
കോവിഡ് സമയത്ത് പ്രഗ്യാ സിംഗ് താക്കൂറിനെ കാണാനില്ലെന്ന് പ്രചരിച്ചിരുന്ന പോസ്റ്ററുകളെക്കുറിച്ച് പ്രതികരിക്കവെയായിരുന്നു താക്കൂറിന്റെ വിവാദ പരാമര്‍ശം.
കോവിഡ് സമയത്ത് ഭോപ്പാലിലെ ജനങ്ങള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ എത്തിച്ചു കൊടുക്കാത്തതിനെ വിമര്‍ശിച്ചുകൊണ്ടായിരുന്നു പ്രഗ്യാ സിംഗ് താക്കൂറിനെ കാണാനില്ലെന്ന തരത്തില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
അത്തരം പോസ്റ്ററുകള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസുകാരാണെന്നാണ് താക്കൂര്‍ പറഞ്ഞത്.
”മൃഗങ്ങള്‍ക്കും വികാരമുണ്ട്. അവയുടെ കുഞ്ഞുങ്ങള്‍ മരിക്കുമ്പോഴോ അസുഖം ബാധിക്കുമ്പോഴോ അവ കരയും. എന്നാലിവര്‍ മൃഗങ്ങളേക്കാള്‍ മോശമാണ്.
അസുഖബാധിതരെ അത്തരത്തില്‍ പരിഗണിക്കുന്നില്ല. ആദ്യം അവരെന്നെ ഉപദ്രവിച്ചു. ഞാന്‍ അസുഖബാധിതയായപ്പോള്‍ എന്നെ കാണാനില്ലെന്ന് പറഞ്ഞ് അവര്‍ പോസ്റ്ററുകള്‍ പുറത്തിറക്കി,” പ്രഗ്യാ സിംഗ് താക്കൂര്‍ പറഞ്ഞു.
ഇത്തരം ആളുകള്‍ക്ക് എംഎല്‍എമാരാവാന്‍ യോഗ്യതയില്ല. ഈ കോണ്‍ഗ്രസുകാരെയോര്‍ത്ത് ലജ്ജ തോന്നുന്നു. ഇത്തരം ചതിയന്മാര്‍ക്ക് ഇന്ത്യയില്‍ സ്ഥാനമില്ല. രാജ്യസ്നേഹികള്‍ മാത്രമേ ഇവിടെ നിലനില്‍ക്കൂവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഹിന്ദുക്കള്‍ രാജ്യസ്നേഹികളാണെന്നും അതുകൊണ്ടു തന്നെ രാജ്യം അവര്‍ക്കൊപ്പമാണെന്നും പ്രഗ്യാ സിംഗ് താക്കൂര്‍ പരിപാടിയ്ക്കിടെ പറഞ്ഞു.
Discussion about this post